ചെന്നൈ: ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ നടൻ വിശാൽ കോടതിയെ സമീപിച്ചേയ്ക്കും. വിശാലിന്റെ പത്രിക അംഗീകരിയ്ക്കുന്നതായി ആർ കെ നഗറിലെ റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിയ്ക്കുന്നതിന്റെ വീഡിയോ വിശാൽ പുറത്തുവിട്ടു. അതേസമയം ആർ കെ നഗറിലെ വോട്ടർ പട്ടികയിൽ അയ്യായിരത്തോളം വ്യാജവോട്ടർമാരുണ്ടെന്ന് കാട്ടി ഡിഎംകെ വീണ്ടും മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.
ഏറെ ആഘോഷിയ്ക്കപ്പെട്ട സ്ഥാനാർഥിത്വം ആന്റി ക്ലൈമാക്സിലൊതുക്കാൻ വിശാൽ തയ്യാറല്ല. പത്രികയിൽ പിന്തുണച്ച പത്ത് ആർ കെ നഗർ സ്വദേശികളിൽ ദീപൻ, സുമതി എന്നീ രണ്ട് പേർ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് സത്യവാങ്മൂലം നൽകിയതോടെയാണ് വിശാലിന്റെ പത്രിക തള്ളാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
എന്നാൽ വിവരമറിഞ്ഞെത്തിയ വിശാൽ തന്നെ പിന്തുണച്ചവരെ അണ്ണാ ഡിഎംകെ സ്ഥാനാർഥി മധുസൂദനന്റെ ആളുകൾ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവിട്ടു. ഇത് കേട്ട ശേഷം വിശാലിന്റെ പത്രിക അംഗീകരിയ്ക്കുന്നതായി റിട്ടേണിംഗ് ഓഫീസർ വേലുസാമി പ്രഖ്യാപിയ്ക്കുന്ന വീഡിയോ പുറത്തുവിട്ടു.

എന്നാൽ അർദ്ധരാത്രിയോടെ പുറത്തുവന്നത് വിശാലിന്റെ പത്രിക തള്ളിക്കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു. ഇതിനെതിരെയാണ് വിശാൽ കോടതിയെ സമീപിയ്ക്കാനൊരുങ്ങുന്നത്. നടപടികൾ വിവാദമായ പശ്ചാത്തലത്തിൽ റിട്ടേണിംഗ് ഓഫീസറെ മാറ്റുമെന്നും സൂചനയുണ്ട്. അതേസമയം, ആർ കെ നഗറിലെ വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ഡിഎംകെ വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തേ ഡിഎംകെ പരാതി നൽകിയതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആർ കെ നഗർ വോട്ടർ പട്ടിക പുതുതായി ഇറക്കിയിരുന്നു.
