ചെന്നൈ: ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ട് തവണത്തെ മലക്കം മറിഞ്ഞശേഷം വിശാലിന്റെ നാമനിര്‍ദ്ദേശിക പത്രിക തള്ളുന്നതായി അന്തിമ തീരുമാനം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാടകീയ രംഗങ്ങളാണ് പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കിടെ തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. പിന്തുണച്ചവരില്‍ രണ്ട് പേരുടെ ഒപ്പ് വ്യാജമെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളിയിരുന്നു. വ്യാജ ഒപ്പ് ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്ന് ഫോണ്‍ സംഭാഷണമടക്കം പുറത്തുവന്നതിനു പിന്നാലെ കമ്മീഷന്‍ പത്രിക സ്വീകരിച്ചെന്ന വാദവുമായി വിശാല്‍ രംഗത്ത് എത്തി. വിശാലിന്റെ പരാതി മാത്രമാണ് സ്വീകരിച്ചതെന്നും പത്രിക തള്ളിയെന്നുമാണ് ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
നാമനിര്‍ദ്ദേശിക പട്ടിക നല്‍കുമ്പോള്‍ മത്സരിക്കുന്ന മണ്ഡലത്തിലെ പത്ത് പേരെങ്കിലും പിന്തുണയ്ക്കണമെന്നാണ് ചട്ടം. അങ്ങനെ നല്‍കിയ പത്തുപേരിലെ രണ്ടുപേരുടെ ഒപ്പ് വ്യാജമാണെന്നൊരു സത്യവാങ്മൂലം കിട്ടിയതിനെ തുടര്‍ന്നാണ് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളിയത്. വിവരമറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തിയ വിശാലും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന്, പ്രതിഷേധവുമായി വിശാല്‍ രംഗത്തെത്തി. സൂഷ്മപരിശോധന നടന്ന തണ്ടയാര്‍പ്പേട്ടിലെ കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ വിശാല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൊലീസ് ഇടപെട്ടാണ് അനുനയിപ്പിച്ചത്. വരണാധികാരിയുമായി വിശാല്‍ വീണ്ടും ചര്‍ച്ച നടത്തുകയും പിന്താങ്ങിയവരെ ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിച്ചതാണെന്ന് അറിയിക്കുകയും ചെയ്തു. പണം നല്‍കിയതുകണ്ടാണ് നിലപാട് മാറ്റിയതെന്ന വെളി പ്പെടുത്തലിന്റെ ശബ്ദരേഖ തെളിവായി നല്‍കി. ആവേശത്തോടെ വിശാല്‍ തന്റെ പത്രിക സ്വീകരിച്ചെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സത്യവും നീതിയും വിജയിച്ചെന്നും ഇനി പോരാട്ടഭൂമിയില്‍ കാണാമെന്നും വിശാല്‍ പ്രതികരിച്ചു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും കൂടെനിന്നവര്‍ക്ക് നന്ദിയെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ തെരഞ്ഞെടുപ്പ കമ്മിഷന്‍ തന്നെ നേരിട്ട് പത്രിക തള്ളി എന്ന് അറിയിക്കുകയായിരുന്നു.
സമര്‍പ്പിച്ച വിവരങ്ങള്‍ അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെയും എഴുപത്തിരണ്ട് പേരുടെ പത്രിക തള്ളിയിട്ടുണ്ട്. നാമനിര്‍ദേശ പത്രികയില്‍ ദീപയുടെ സ്വത്ത് വിവരം രേഖപ്പെടുത്താത്തിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പത്രിക തള്ളിയതെന്നാണ് വിവരം. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ ഇവിടെ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്.
ഡി.എം.കെ.സ്ഥാനാര്‍ഥി മരുതു ഗണേഷ്, അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി ഇ.മധുസൂദനന്‍, ബി.ജെ.പി സ്ഥാനാര്‍ഥി കരു നാഗരാജ് എന്നിവരുടെ പത്രിക സ്വീകരിച്ചു. മരുതു ഗണേഷ് നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. എം.കെ.സ്റ്റാലിനടക്കമുള്ള നേതാക്കള്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തിലെത്തും. അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി ഇ.മധുസൂദനനുവേണ്ടി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരെല്ലാം പ്രചാരണത്തിനെത്തും. വിശാലിന് വേണ്ടി സിനിമ താരങ്ങളും രംഗത്തിറങ്ങും. പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നുകൊണ്ട് വിശാല്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് സംവിധായകനും നിര്‍മാതാവുമായ ചേരന്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഈ മാസം 21 നാണ് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്. ഡിസംബര്‍ 24 ന് ഫലം പ്രഖ്യാപിക്കും.
