ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആര്‍.കെ.നഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിക്കിതിരക്കി സ്ഥാനാര്‍ഥികള്‍. 145 പേരാണ് സിറ്റിംഗ് എംഎല്‍എയായ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശപത്രിക നല്‍കിയത്. എന്നാല്‍ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നടന്‍ വിശാലിന്റേതും ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാറിന്റെയും ഉള്‍പ്പടെ 73 പത്രികകള്‍ തള്ളി.
തന്നെ പിന്തുണച്ചവരെ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി മധുസൂദനന്റെ ആളുകള്‍ ഭീഷണിപ്പെടുത്തിയതാണെന്ന് വിശാല്‍ ആരോപിച്ചെങ്കിലും റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം അന്തിമമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജേഷ് ലഖോനി വ്യക്തമാക്കിയതോടെ വിശാലിന് മത്സരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ദീപന്‍, സുമതി എന്നീ രണ്ട് ആര്‍ കെ നഗര്‍ സ്വദേശികളും ഇന്ന് റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നിലെത്തി വിശാലിന്റെ പത്രികയിലുള്ളത് തങ്ങളുടെ ഒപ്പല്ലെന്ന് വീണ്ടും സത്യവാങ്മൂലം നല്‍കിയതോടെയാണ് വിശാലിന്റെ മുന്നിലെ അവസാനത്തെ വാതിലുമടഞ്ഞത്. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചിഹ്നമായിരുന്ന തൊപ്പി ഇത്തവണ ടിടിവി ദിനകരന് അനുവദിയ്ക്കാനാകില്ലെന്ന വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഷര്‍ കുക്കറാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.
ദിനകരനടക്കം 29 പേര്‍ തൊപ്പി ചിഹ്നത്തിനായി കമ്മീഷനെ സമീപിച്ചതിനാലും അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരരംഗത്തുള്ളതിനാലും ദിനകരന് പരിഗണന നല്‍കാനാകില്ലെന്നാണ് കമ്മീഷന്റെ നിലപാട്. തൊപ്പി ചിഹ്നത്തിന് വേണ്ടി ദില്ലി ഹൈക്കോടതി വരെ പോയി ദിനകരന്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം അന്തിമമാണെന്നായിരുന്നു കോടതി നിലപാട്. അതിനിടെ നിലവിലെ വോട്ടിംഗ് മെഷീനില്‍ 63 സ്ഥാനാര്‍ഥികളെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കൂ എന്നതിനാല്‍ വലിയ വോട്ടിംഗ് മെഷീന്‍ ആര്‍കെ നഗറില്‍ ഇറക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
