ദേശീയപാതാ വികസനത്തിന് വിലങ്ങുതടിയായി വനം വകുപ്പ്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സിഎച്ച്ആര്‍ മേഖലയില്‍കൂടിയാണെന്ന കാരണം പറഞ്ഞ് വനം വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുന്നത്.

ബോഡിമെട്ടുമുതലുള്ള ഇരുപത്തിയാറ് കിലോമീറ്റര്‍ ദൂരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചിരിക്കുന്നത്. സിഎച്ച്ആര്‍ മേഖലയില്‍ കൂടി നിര്‍മ്മാണം നടത്തുവാന്‍ പാടില്ലെന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഈ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുകയും ചെയ്തു. ഇരുപത്തി നാല് മാസക്കാലത്തെ കാലാവധിയില്‍ കരാറെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിന് മുന്‍പ് തന്നെ പൂര്‍ത്തീരിക്കുന്നതിന് വേണ്ടി ദ്രുതഗദിയിലുള്ള പണികളാണ് നടന്നുവന്നത്. ഒരു പാട് നാളത്തെ കാത്തിരുപ്പിന് ശേഷം സാക്ഷാല്‍ക്കാരത്തിലെത്തിയ കൊച്ചി ധനുഷ്‌ക്കൊടി ദേശീയപാതയിലെ മൂന്നാര്‍- ബോഡിമെട്ട് റൂട്ടിലെ നിര്‍മ്മാണം നിലച്ചത് പ്രദേശത്തിന്‍റെ വികസനത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. വനംവകുപ്പിന്റെ നടപടിക്കെതിരേ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

മൂന്നാര്‍ ഡിഎഫ്ഒയുടെ നിര്‍ദ്ദേശ്ശപ്രകാരം ആണ് നിര്‍മാണം നിര്‍ത്തിയതെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടെ നിര്‍മാണം നടത്തുന്നതിന് ആവശ്യമായ എന്‍ഒസി ദേശീയപാതാവിഭാഗം ഹാജരാക്കിയിട്ടില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.ഷോള്‍ഡര്‍ ലൈനുള്‍പ്പടെ 10 മീറ്റര്‍ വീതിയിലുള്ള റോഡ് വികസനമാണ് ഇവിടെ നടന്ന് വന്നത്.