ദുബായ്: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ദുബായില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതായി പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷാ അകലം പാലിക്കാത്തതും അമിത വേഗതയുമാണ് അപകടത്തിനുള്ള മറ്റ് കാരണങ്ങള്‍. കഴിഞ്ഞ 11 മാസത്തിനിടയില്‍ 174 പേരാണ് ദുബായില്‍ റോഡപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 122 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അശ്രദ്ധവും അലക്ഷ്യവുമായി വാഹനമോടിച്ചതിന് 1,75,000 പേര്‍ക്കാണ് ദുബായ് പോലീസ് പിഴ ചുമത്തിയത്. ദൂരപരിധി പാലിക്കാത്തതിന് 35,000  
പേര്‍ക്കും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ വച്ച് സംസാരിച്ച 47,000 പേര്‍ക്കും പേര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. റഡാറുകള്‍ക്ക് മുമ്പില്‍ വേഗത കുറയ്ക്കുകയും അല്ലാത്തപ്പോള്‍ വേഗത കൂട്ടുകയും ചെയ്യുന്ന ഡ്രൈവര്‍മാരെ പിടികൂടാന്‍ സ്മാര്‍ട്ട് റഡാറുകള്‍ മൂലം
സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

അമിത വേഗതയോ മറ്റേതെങ്കിലും നിയമലംഘനങ്ങളോ റോഡില്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്കും പോലീസില്‍ അറിയിക്കാന്‍ ദുബായില്‍ സംവിധാനമുണ്ട്. ദുബായ് പോലീസിന്റെ 901 എന്ന നമ്പറില്‍ വിളിച്ചാണ് ഇത്തരം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ദുബായ് പോലീസ് ആപ്പിലെ വി ആര്‍ ഓള്‍ പോലീസ് എന്ന സംവിധാനവും ഉപയോഗപ്പെടുത്താം.