തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ മഴയ്ക്കു ശേഷം നന്നാക്കുമെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍. അടിയന്തര പ്രാധാന്യമുള്ള റോഡുകളുടെ നിര്‍മാണം ഓഗസ്റ്റ് 15നു മുന്‍പു പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
അറ്റകുറ്റപ്പണിയില്‍ വീഴ്ച വരുത്തുന്നതുകൊണ്ടാണു തുടര്‍ച്ചയായി റോഡുകള്‍ പൊട്ടിപ്പൊളിയുന്ന സാഹചര്യമുണ്ടാകുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പഞ്ചായത്ത് അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചു മേയര്‍ സൗമിനി ജെയിനെതിരേയും മന്ത്രി വിമര്‍ശനമുന്നയിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ആദ്യം സ്വന്തം ജോലി വൃത്തിയായി ചെയ്യണമെന്നു മന്ത്രി പറഞ്ഞു. പിഡബ്ല്യുഡി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടെങ്കില്‍ അത് ആദ്യം ശ്രദ്ധയില്‍പ്പെടുത്തണം. താന്‍ നടപടിയെടുക്കാം. കൊച്ചിയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള റോഡുകളാണ് ഏറ്റവും മോശം അവസ്ഥയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
