റോഡ് വെട്ടിപ്പൊളിച്ച ശേഷം ഈ മേഖലയില്‍ ഇരുപതോളം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

തൃശൂര്‍: ഒല്ലൂരിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വെള്ളിയാഴ്ച ആരംഭിക്കും. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്ത്. ഒല്ലൂരില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. കുടിവെള്ള പൈപ്പിടാനായി മൂന്നുമാസം മുന്‍പാണ് എസ്റ്റേറ്റ് മുതല്‍ ക്രിസ്റ്റഫര്‍നഗര്‍ വരെയുള്ള സംസ്ഥാനപാത ഒല്ലൂരില്‍ വെട്ടിപ്പൊളിച്ചത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും നിര്‍മാണം നീണ്ടുപോയതോടെ മഴക്കാലമെത്തി. ഇതോടെ ഇതുവഴിയുള്ള യാത്ര ദുരിതയാത്രയായി. കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രികരും ഇതുവഴി താണ്ടാന്‍ പെടാപാട് പെട്ടു. ചെറിയ മഴയില്‍ പോലും ചളിക്കുളമാകുന്ന റോഡില്‍ മഴ ശമിച്ചാല്‍ കനത്ത പൊടിശല്യമാണ്. 

റോഡ് വെട്ടിപ്പൊളിച്ച ശേഷം ഈ മേഖലയില്‍ ഇരുപതോളം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ ബസ് താഴുകയും ഇതെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. എറണാകുളം-തൃശൂര്‍ റൂട്ടിലെ കെഎസ്ആര്‍ടിസി ബസുകളും നിരവധി വാഹനങ്ങളുമടക്കം നൂറു കണക്കിന് വാഹനങ്ങളാണ് ഈ വഴി ദിവസവും കടന്നുപോകുന്നത്. റോഡിന്‍റെ ശോച്യാവസ്ഥ മൂലം ചില ബസുകള്‍ വഴിമാറി പോകുന്നതും യാത്രക്കാരെ വലച്ചിരുന്നു.