ഫോർട്ട് കൊച്ചി പട്ടാളം സ്വദേശി ജൂഡ് ക്രിസ്റ്റി, തോപ്പുംപടി നസ്രത്ത് സ്വദേശി റെയ്മൻഡ് എന്നിവരെയാണ് പിടിയിലായത്. മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടെന്ന അയർലാൻഡ് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഐറിഷ് സ്വദേശിയുടെ കൊച്ചിയിലെ സഹായിയായിരുന്നു ജൂഡ് ക്രിസ്റ്റി. രാവിലെ ഇ-മെയിൽ അയക്കണമെന്ന് ആവശ്യപ്പെട്ട് ജൂഡ് ഐറിഷുകാരനിൽ നിന്ന് ഏഴായിരം രൂപ വിലയുള്ള ഫോൺ വാങ്ങി.
കുറച്ച് സമയം കഴിഞ്ഞും ഫോൺ തിരിച്ച് കിട്ടാതായപ്പോൾ ഐറിഷ് സ്വദേശി അന്വേഷിച്ചിറങ്ങി. റെയ്മൻഡ് തന്നെ അടിച്ച് താഴെയിട്ട് ഫോണുമായി കടന്ന് കളഞ്ഞെന്ന് ജൂഡ് ക്രിസ്റ്റി പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ അടയാളങ്ങളും കാണിച്ചു. തുടർന്ന് ഐറിഷ് പൗരനും ജൂഡും ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് ജൂഡിനെ മാറ്റി നിർത്തി ചോദ്യം ചെയ്തപ്പോണ് സത്യം പുറത്തായത്. ഫോൺ മോഷ്ടിക്കുന്നതിനായി റെയ്മൻഡുമായി ചേർന്ന് നടത്തിയ നാടകമാണ് അടിപിടിയെന്ന് ജൂഡ് അറിയിച്ചു. റെയ്മൻഡ് സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പിന്നീട് കോടതിയിൽ ഹാജരാക്കും.
