പണവും സ്മാര്‍ട് ഫോണും കവര്‍ന്നു വിരലയാള വിദഗ്ദരെത്തി പരിശോധന നടത്തി പൊലീസ് അന്വേഷണം ആരംഭിച്ചു

മാന്നാര്‍: അടുക്കള വാതില്‍ തീ വെച്ച് നശിപ്പിച്ച് വീട്ടമ്മയുടെ അഞ്ചു പവന്‍റെ മാല കവര്‍ന്നു. പാണ്ടനാട് കീഴ്‌വന്‍മഴി കണ്ണങ്കര പുത്തന്‍വീട്ടില്‍ ഡിനുവിന്റെ ഭാര്യ ആതിരയുടെ (27) മാലയാണ് മോഷ്ടാവ് അപഹരിച്ചത്. ഇന്ന് വെളുപ്പിനെ രണ്ടേമുക്കാലോടെയാണ് മോഷണം. ആതിരയും മാതാവ് ഗീത എസ് പിള്ളയും ഒന്നര മാസം പ്രായമായ മകനും ഒപ്പമുണ്ടായിരുന്നുള്ളു. മോഷ്ടാവ് കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതോടെ ആതിര ഉടനെ ഉണര്‍ന്നു നിലവിളിക്കുകയായിരുന്നു. 

ആതിരയുടെ അമ്മയും നിലവിളിച്ചതോടെ മോഷ്ടവ് മാല പൊട്ടിച്ചു കയ്യില്‍ കിട്ടിയ ഒരു കഷണവുമായി ഓടി മറയുകയായിരുന്നു. അവശേഷിക്കുന്ന താലി മാലയും ലോക്കറ്റും തിരികെ കിട്ടി. അടുക്കള വാതില്‍ തീ കത്തിച്ച് നശിപ്പിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. മുറില്‍ പുക കാരണം മോഷ്ടാവിനെ കാണാന്‍ സാധിച്ചില്ല. അടുത്ത മുറിയില്‍ സൂക്ഷിച്ചിരുന്ന പഴ്‌സിലെ 1500 രൂപ, സ്മാര്‍ട്ട് ഫോണ്‍, രണ്ടു ലേഡീസ് വാച്ച് എന്നിവയും മോഷണം പോയിരുന്നു. കവര്‍ച്ചക്കു ശേഷം പഴ്‌സ്, സ്മാര്‍ട്ട് ഫോണും വീടിനു വെളിയില്‍ വച്ചിരുന്ന വെള്ളം നിറച്ച പാത്രത്തില്‍ നിന്നും കണ്ടെടുത്തു. വിരലടയാള വിദഗ്ദരെത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.