ഇടുക്കി: മറയൂരില്‍ പട്ടാപ്പകല്‍ വീട്ടിനുളളില്‍ നിന്ന് പതിനഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. കര്‍ഷക കുടുംബം കൃഷിയിടത്തില്‍ പണിക്ക് പോയിരുന്ന സമയത്തായിരുന്നു താക്കോലുപയോഗിച്ച് വീടു തുറന്നും അലമാര കുത്തിത്തുറന്നുമുളള മോഷണം. മറയൂര്‍ കര്‍ശ്ശനാട്ടില്‍ കര്‍ഷകനായ പാണ്ടിരാജിന്റെ വീട്ടിലാണ് പട്ടാപ്പല്‍ മോഷണം നടന്നത്.
കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്തെത്തിയ മോഷ്ടാവ് ആദ്യം കുളിമുറിയുടെ ജന്നല്‍ തകര്‍ത്ത് ഉളളില്‍ കയറാന്‍ ശ്രമം നടത്തിയിരുന്നു. അത് പരാജയപ്പെട്ടതോടെ പരിസരത്ത് ഒളിപ്പിച്ചു വച്ചിരുന്ന താക്കോല്‍ കണ്ടെത്തി വാതില്‍ തുറന്നാണ് അകത്ത് കയറിയത്. പിന്നീട് വീട്ടിലെ തന്നെ കത്തി ഉപയോഗിച്ച് അലമാരയും അതിന്‌ടെ ലോക്കറും കുത്തിത്തുറന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചത്.
കരിമ്പിന്‍ തോട്ടത്തിന് നടുക്കുളള വീടിന് സമീപത്ത് മറ്റു വീടുകളൊന്നുമില്ലാതിരുന്നത് മോഷ്ടാക്കള്‍ക്ക് തുണയായി. സ്‌കൂളില്‍ പോയിരുന്ന കുട്ടികള്‍ വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ വീടും അലമാരയും ആഭരണപ്പെട്ടിയുമെല്ലാം തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പാണ്ടിരാജിന്റെ പരാതിയില്‍ മറയൂര്‍ പോലീസിനു പുറമേ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമൊക്കെ സ്ഥലത്തെത്തി പരിശോധനകള്‍നടത്തി.
