ഇവരുടെ കാറിനു പുറകെ ഇന്നോവ കാർ ഇടിച്ചു. എന്താണ് സംഭവിച്ചത് എന്ന് ചോദിക്കാനായി ഇറങ്ങിയതും ഇന്നോവയിൽ വന്നവരിൽ രണ്ടു പേർ സ്വർണമുള്ള കാറിൽ കയറി ഓടിച്ചു പോവുകയായിരുന്നു

തൃശൂര്‍: മണ്ണൂത്തി ഇടപ്പള്ളി ദേശീയ പാതയിൽ കാർ അപകടമുണ്ടാക്കി സ്വർണ കവർച്ച. നെടുന്പാശേരിയിൽ നിന്ന് കൊടുവള്ളിയിലേക്ക് കാറിൽ കൊണ്ടുപോയ ഒരു കിലോ സ്വർണമാണ് കവർന്നത്. ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.

ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. കൊടുവള്ളി സ്വദേശികളായ ഉവൈസും അർഷാദും സ്വർണവുമായി കാറിൽ നെടുമ്പാശേരിയില്‍ നിന്ന് കൊടുവള്ളിയിലേക്കു പോവുകയായിരുന്നു. ഇവരുടെ കാറിനു പുറകെ ഇന്നോവ കാർ ഇടിച്ചു.

എന്താണ് സംഭവിച്ചത് എന്ന് ചോദിക്കാനായി ഇറങ്ങിയതും ഇന്നോവയിൽ വന്നവരിൽ രണ്ടു പേർ സ്വർണമുള്ള കാറിൽ കയറി ഓടിച്ചു പോവുകയായിരുന്നു. ഇവരെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു കിലോമീറ്റർ അകലെയുള്ള വിജനമായ പറമ്പിൽ കാർ ഉപേക്ഷിച്ച് സംഘം രക്ഷപെട്ടു.

ഒരു കിലോ സ്വർണം നഷ്ടപ്പെട്ടെന്നാണ് പരാതിക്കാരുടെ മൊഴി. കൊള്ള സംഘം ഇവരെ ഏറെ നേരം പിന്തുടർന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സ്വർണം കൊണ്ട് പോകുന്ന വിവരം നേരത്തെ അറിയുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വിശ്വസിക്കുന്നു.

സംഭവം നടന്നത് ദേശീയപാതയിലായതിനാല്‍ തെളിവിന്‌ സിസിടിവി പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം. വാഹനം ഉപേക്ഷിച്ച് പോയവരെ പറ്റി നാട്ടുകാർ നൽകിയ വിവരണവും പ്രതികളിലേക്കുള്ള സൂചനയായി ലഭിച്ചിട്ടുണ്ട്.