മിക്ക കേസുകളിലും പ്രതികളെ പിടികൂടാനായെങ്കിലും മോഷണവും അതിക്രവും തുടരുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു.
കാസർകോട്: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണവും അതിക്രമവും കാസർഗോഡ് ജില്ലയിൽ വർധിക്കുന്നു. മിക്ക കേസുകളിലും പ്രതികളെ പിടികൂടാനായെങ്കിലും മോഷണവും അതിക്രവും തുടരുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു.
കഴിഞ്ഞ ഡിസംബർ 13 നാണ് ചീമേനി പുലിയന്നൂരിൽ റിട്ട. അദ്ധ്യാപിക പി വി ജാനകിയെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ചത്. ഈ കേസില്‍ ഭർത്താവ് കളത്തേര കൃഷ്ണന് മാരകമായി പരിക്കേറ്റു. രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതികളെ പിടികൂടി. അയൽവാസികളും ടീച്ചർ നേരത്തെ പഠിപ്പിച്ച വിദ്യാർത്ഥികളുമായ റെനീഷ്, വൈശാഖ് അരുൺ എന്നിവരായിരുന്നു പ്രതികൾ.
ജനുവരി പത്തൊമ്പതിനാണ് പെരിയ ആയംപാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന അറുപത് വയസുകാരി സുബൈദയെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം പുറംലോകം അറിയുന്നത് രണ്ട് ദിവസം കഴിഞ്ഞ്. രണ്ടാഴ്ചക്കകം പൊലീസ് പ്രതികളെ പിടികൂടി. പട്ള സ്വദേശികളായ അബ്ദുൾ ഖാദർ, ബഷീർ, അസീസ് എന്നിവരായിരുന്നു പ്രതികൾ. സുബൈദ താമസിക്കുന്ന വീടിനടുത്തുള്ള ക്വാർട്ടേഴ്സിൽ താമസിക്കാനെന്ന വ്യാജേന എത്തിയാണ് ഇവർ കൊലപാതകം നടത്തിയത്.
കാഞ്ഞങ്ങാട് വേലേശ്വരത്ത് റിട്ട നഴ്സിംഗ് അസിസ്റ്റന്റ് ജാനകിയെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത് ജനുവരി ആദ്യവാരം. ബോധ രഹിതയായി വീണ ജാനകി മരിച്ചെന്ന് കരുതി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സമീപവാസിയും ഹോട്ടൽ ജീവനക്കാരനുമായ കണ്ണനോട് ഈ കേസിൽ ചോദ്യം ചെയ്യുന്നതിനായി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു. ഇയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ നവംബറിലാണ് ഇരിയ പൊടവടുക്കത്തെ ലീലയെ വീടിനകത്തെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മാല മോഷ്ടിക്കുന്നതിനിടെ ലീലയെ തള്ളി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. വീട് നിർമ്മാണ ജോലിക്കായെത്തിയ മഹാരാഷ്ട്ര സ്വദേശി അബുൽ ഷെയ്ക്കായിരുന്നു പ്രതി. ഏറ്റവും ഒടുവിൽ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ റിട്ടയേർഡ് അധ്യപിക ഓമനയുടെ വീട്ടിലാണ് കവർച്ച നടന്നത്. പ്രമാദമായ കേസുകളില്ലെല്ലാം പ്രതികളെ പിടികൂടാനായെങ്കിലും അക്രമ സംഭവങ്ങളും മോഷണവും തുടരുന്നതാണ് പൊലീസിനെയും നാട്ടുകാരെയും ഇപ്പോഴും കുഴക്കുന്നത്.
