പാലക്കാട്: വിവാഹസല്‍ക്കാര ചടങ്ങിനിടെ ചെറിയ കുട്ടിയുടെ മാലമോഷ്ടിച്ചതായി പരാതി. ഷൊര്‍ണൂരിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ സഹിതം കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
പാലക്കാട്ട് ഷൊര്‍ണൂര്‍ ചുവന്ന ഗെയിറ്റിലുള്ള ഓഡിറ്റോറിയത്തില്‍ വച്ചാണ് മോഷണം നടന്നത്. ബന്ധുവിന്‍റെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് റിയാസിന്‍റെ നാലുവയസുകാരി മകളുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ഒരു പവന്‍ തൂക്കമുള്ളതായിരുന്നു മാല. കുട്ടിയെ ബന്ധുക്കളുടെ അടുത്തു നിന്നും ഐസ്ക്രീം വാങ്ങിത്തരാം എന്ന് പറഞ്ഞ് ഒരാള്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ കുട്ടിയുടെ മാല മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചു.
മാലയെടുത്ത ശേഷം വളകൂടി ഊരാന്‍ നോക്കുമ്പോള്‍ കുട്ടി കരഞ്ഞു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ വിട്ട് അവിടെ നിന്നും രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച് ഷൊര്‍ണൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
