തൃശൂര്‍: ഒല്ലൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ ഝാർഖണ്ഡ് സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം. നാലുമാസം മുൻപ് തളിക്കുളത്ത് നടന്ന കവര്‍ച്ചയ്ക്ക് സമാനമാണ് ഒല്ലൂരിലേതെന്നാണ് പൊലീസിന്‍റെ നിഗമനം.

ഒല്ലൂരിലെ ആത്മിക ജ്വല്ലറിയില്‍ നിന്നും ഒന്നരക്കോടിരൂപയ്ക്കടുത്തുള്ള സ്വര്‍ണാഭരണങ്ങളാണ് കഴിഞ്ഞ ദിവസം കവര്‍ന്നത്. ഭൂഗര്‍ഭ ലോക്കറില്‍ സൂക്ഷിച്ചിരുന്ന വളകള്‍, മാലകള്‍, നെക്ലെസുകള്‍ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. കടയുടെ പിന്നിലെ അടച്ചിട്ട ഓട്ടു കമ്പനി വഴി കടന്ന മോഷ്ടാക്കള്‍ പിന്‍ വശത്തെ വാതിലും ഇരുമ്പു ഗ്രില്ലും ലോക്കറും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. മോഷ്ടാക്കളിലൊരാള്‍ സിസിടിവിയില്‍ പെട്ടിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാക്കള്‍ ഝാര്‍ഖണ്ഡ് സ്വദേശികളാണെന്ന വിലയിരുത്തലില്‍ പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. നാലു മാസം മുമ്പ് തളിക്കുളത്ത് നടന്ന ജ്വല്ലറി മോഷണത്തിന് സമാനമാണ് ഒല്ലൂരിലേതെന്നും പൊലീസ് കരുതുന്നു.

തളിക്കുളത്തും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം. എന്നാല്‍ ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒല്ലൂരിലെത്തിയ മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടതായാണ് പൊലീസിന്‍റെ നിഗമനം. സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും ഒല്ലൂര്‍ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. മോഷണ ശേഷം കടയുടെ പിന്‍ഭാഗത്തുള്ള ഓട്ടുകമ്പനി വഴി കവര്‍ച്ചക്കാര്‍ രക്ഷപെട്ടതായാണ് വ്യക്തമായത്. സംഘത്തില്‍ നാലു പേരുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. കവര്‍ച്ചയ്ക്ക് പിന്നില്‍ ഝാര്‍ഖണ്ഡ് സ്വദേശികളാണ് എന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം അവിടേക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഇതിനായി ഝാര്‍ഖണ്ഡ് പൊലീസിന്‍റെ സഹായവും തേടും. മുമ്പ് സമാന കേസുകളില്‍ ഉള്‍പ്പെട്ടിരുന്നവരുടെ വിവരവും ശേഖരിക്കുന്നുണ്ട്...