ദില്ലി: എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതലയ്ക്ക് പിന്നാലെ  ഭാര്യ പ്രിയങ്ക ഗാന്ധിക്ക്  ആശംസയുമായി റോബര്‍ട്ട് വാദ്ര. ജീവിതത്തിന്‍റെ ഏത് ഘട്ടങ്ങളിലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്‍റെ ഏറ്റവും നല്ലത് നല്‍കൂ എന്ന് റോബര്‍ട്ട് വാദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

കഴക്കൻ ഉത്തർപ്രദേശിലെ എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതലയാണ്   പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് കിഴക്കൻ ഉത്തർപ്രദേശ്. പ്രിയങ്കയ്ക്ക് ഇത് കടുത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണെങ്കിലും പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് വലിയ ഊര്‍ജമാണ് നല്‍കുന്നത്.

ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ഔദ്യോ​ഗികമായി ചുമതലയേൽക്കുന്നത്.   തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കിലും സംഘടനാ ചുമതലയോടു കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്കയുടേത് കന്നി ചുവടുവയ്പ്പാണ്.