റോബർട്ട് വദ്രക്കെതിരായ കേസില്‍ രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജൻസികളെ പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്.
ദില്ലി: റോബർട്ട് വദ്രക്കെതിരായ കേസില്‍ രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജൻസികളെ പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്. ഒരു കേസും ഇല്ലാതെയാണ് ഉദ്യോഗസ്ഥർ പലരെയും കസ്റ്റഡിയിൽ എടുക്കുന്നത്.
പലരിൽ നിന്ന് വെള്ളപേപ്പറിൽ ഒപ്പിട്ടുവാങ്ങുന്നു. റോബർട്ട് വാദ്രക്കെതിരെ ഒരു കേസും ഇതുവരെയില്ല എന്നും കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കപില്‍ സിബല്‍ എന്നിവര്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റോബര്‍ട്ട് വദ്രയുടെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡുകളിൽ വിശദീകരണം നടത്തുകയായിരുന്നു കോണ്‍ഗ്രസ് .
ആരൊക്കയോ വദ്രയുടെ വീട്ടിൽ വരുന്നു, പൂട്ട് തകർക്കുന്നു, പരിശോധന നടത്തുന്നു. വദ്രയുടെ വീട്ടിലെ നാല് ജീവനക്കാരെ എൻഫോഴ്സ‌്മെന്‍റ് കസ്റ്റഡിയിലെടുത്തു. ഒരു ദിവസം മുഴുവൻ കസ്റ്റഡിയിലിരുത്തി വിട്ടയച്ചു. ജീവനക്കാരെ ഉദ്യോഗസ്ഥർ മർദ്ദിച്ചു. ഇവര്‍ക്കെതിരെ എഫ് ഐആർ രജിസറ്റർ ചെയ്തെന്നും കപില്‍ സിബല്‍ പറഞ്ഞു.
പ്രധാനമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നു. എഫ് ഐ ആർ പോലും ഇല്ലാതെ പലരെയും മണിക്കൂറുകൾ എൻഫോഴ്സമെന്‍റ് ബന്ദിയാക്കിവെക്കുന്നു. എൻഫോഴ്സ്മെന്‍റ് ഏജൻസി തന്നെ ഗുണ്ടായിസം കാണിക്കുന്നു എന്നും സിബൽ പറഞ്ഞു.
വാദ്രയുടെ ജീവനക്കാരനായ മനോജിന്‍റെ അഭിഭാഷകൻ രാത്രിയിൽ ചീഫ് ജസ്റ്റിസിന്‍റെ വസതിയിലെത്തി പരാതി നൽകിയെന്നും കോൺഗ്രസ് നേതാക്കര്‍ പറഞ്ഞു. എക്സിറ്റ് പോളിന് പിന്നാലെ ഇത്തരം നീക്കങ്ങൾ ഉണ്ടായെങ്കിൽ പരാജയപ്പെട്ടാൽ എന്തായിരിക്കും സ്ഥിതിയെന്ന് കോൺഗ്രസ് ചോദിക്കുന്നു.
എല്ലാ അന്വേഷണ ഏജൻസികളും പ്രധാനമന്ത്രിയുടെ ചൊൽപ്പടിയിൽ നിൽക്കുമ്പോൾ സാധാരണക്കാർ എന്തുചെയ്യുമെന്ന് കപില്‍ സിബല്‍ ചോദിച്ചു. രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജൻസികളെ പ്രധാനമന്ത്രി ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
