എതിരാളിയെ അറിഞ്ഞ് കളം പിടിക്കുന്ന മാർട്ടിനസ് ശൈലിയാണ് കപ്പിലേക്കുളള ബെൽജിയത്തിന്‍റെ മരുന്ന്

മോസ്ക്കോ: കളി മികവിൽ മുന്നിൽ നിന്ന ബ്രസീലിനെ ,കിട്ടിയ അവസരങ്ങൾ മുതലെടുത്താണ് ബെൽജിയം മറികടന്നത്. പരിശീലകൻ മാർട്ടിനെസിന്‍റെ തന്ത്രങ്ങൾക്കൊപ്പം ഗോളി കോട്ട്വായും കെവിൻ ഡി ബ്രൂയിനും അവരുടെ കരുത്തായി.

ലോകകപ്പിന്‍റെ ടീം ബ്രസീലാണെന്നാണ് കളിക്കിറങ്ങും മുമ്പ് ബെൽജിയം പരിശീലകൻ മാർട്ടിനെസ് പറഞ്ഞത്. ഏറ്റവും മികച്ചതിനെ വെല്ലാൻ അതിലും മികച്ചത് പുറത്തെടുക്കാനറിയാമായിരുന്നു മാർട്ടിനെസിന്. ഫെല്ലൈനിയെയും ഷാദ്‍ലിയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് മുതൽ, നെയ്മറെയും കുടിഞ്ഞോയെയും വളഞ്ഞതിലും ഡി ബ്രൂയിനിൽ കളി മെനഞ്ഞതിലും വരെ പരിശീലകന്‍റെ തന്ത്രങ്ങള്‍ കാണാം.

എന്ത് കൊണ്ട് ലോകോത്തര താരമാകുന്നുവെന്ന് കെവിൻ ഡി ബ്രൂയിൻ തെളിയിച്ചു. ഹസാർഡിന് വഴികളൊന്നും തുറന്നുകിട്ടാതായപ്പോൾ ഡിബ്രൂയിന്‍റെ നീക്കങ്ങളാണ് ബെൽജിയത്തിന് തുണയായത്. പതിവിലധികം താരം മുന്നേറിക്കളിച്ചതിന് കിട്ടിയതായിരുന്നു ബെൽജിയത്തിന്‍റെ വിജയഗോൾ.

തിബോത്ത് കോട്ടുവായ്ക്ക് പിഴച്ചത് ഒരിക്കൽ മാത്രം. ബ്രസീലിയൻ തിരിച്ചടിക്ക് തടയിട്ട്, എണ്ണം പറഞ്ഞ ഏഴ് സേവുകൾ. കളി കൈവിടാൻ കാരണം കോട്ടുവായെന്ന് തുറന്നുസമ്മതിക്കേണ്ടിവന്നു ബ്രസീൽ കോച്ച് ടിറ്റെയ്ക്ക് പോലും.

എതിരാളിയെ അറിഞ്ഞ് കളം പിടിക്കുന്ന മാർട്ടിനസ് ശൈലിയാണ് കപ്പിലേക്കുളള ബെൽജിയത്തിന്‍റെ മരുന്ന്. തന്ത്രങ്ങൾക്കൊപ്പം നിൽക്കുന്ന താരങ്ങളുമാവുമ്പോൾ ചെമ്പടയ്ക്ക് കുന്നോളം പ്രതീക്ഷ. ബ്രസീലിനെ തോൽപ്പിച്ചാണ് സെമിയിലേക്കുള്ള വരവെന്നത് ഫ്രാന്‍സിനെതിരെ ബെല്‍ജിയത്തിന് കരുത്താകും.