അലമാരിക്കുള്ളിലുണ്ടായിരുന്ന 10 പവന്‍ സ്വര്‍ണ്ണവും 1500 രൂപയും മോഷണം പോയതായും വ്യക്തമായി. മറ്റൊരു മുറിയിലുണ്ടായിരുന്ന ലാപ്ടോപ്പും നഷ്ടപ്പെട്ടിരുന്നു. 

മലപ്പുറം: വാഴയൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു. മോഷണത്തിനിടെ ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് മോഷ്ടാവ് മടങ്ങിയത്. മോഷ്ടാവ് ആരാണെന്ന് വ്യക്തമായതായി വാഴക്കാട് പൊലീസ് അറിയിച്ചു.

കൊണ്ടോട്ടിക്ക് സമീപം വാഴയൂര്‍ അഴിഞ്ഞില്ലം സ്വദേശിയായ വേണുഗോപാലന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വേണുഗോപാലനും ഭാര്യയും കോഴിക്കോട് പോയി രാത്രി ഒമ്പതരയോടെ തിരിച്ച് എത്തിയപ്പോള്‍ വീടിനുള്ളില്‍ ആരോ ഉണ്ടെന്ന് വ്യക്തമായി. അയല്‍വാസികളെ വിളിച്ചുകൂട്ടിയപ്പോഴേക്കും അടുക്കള വാതിലിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

അകത്ത് കയറിയ വേണുഗോപാലനും ഭാര്യയും കണ്ടത് അലമാര തുറന്ന് കിടക്കുന്നത്. വസ്ത്രങ്ങള്‍ വലിച്ചുു വാരിയിട്ട നിലയിലായിരുന്നു. അലമാരിക്കുള്ളിലുണ്ടായിരുന്ന 10 പവന്‍ സ്വര്‍ണ്ണവും 1500 രൂപയും മോഷണം പോയതായും വ്യക്തമായി. മറ്റൊരു മുറിയിലുണ്ടായിരുന്ന ലാപ്ടോപ്പും നഷ്ടപ്പെട്ടിരുന്നു.

അടുക്കള വാതില്‍ തകര്‍ത്തായിരുന്നു മോഷ്ടാവ് അകത്തു കടന്നത്. ഉടന്‍ തന്നെ വാഴക്കാട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മോഷ്ടാവിന്റെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട നിലയില്‍ കണ്ടത്. ഫോണിന്റെ സഹായത്തോടെ മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയതായി വാഴക്കാട് പൊലീസ് പറഞ്ഞു. വാതില്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര വീടിന് സമീപത്തുനിന്ന് കണ്ടെത്തി.