പ്രളയമൊഴിഞ്ഞതോടെ ഇടുക്കിയിലെ മലയോര മേഖലകളിൽ പാറക്വാറികളുടെ പ്രവ‍ർത്തനം സജീവം. 

ഇടുക്കി: പ്രളയമൊഴിഞ്ഞതോടെ ഇടുക്കിയിലെ മലയോര മേഖലകളിൽ പാറക്വാറികളുടെ പ്രവ‍ർത്തനം സജീവം. സർക്കാർ അനുമതിയുണ്ടെങ്കിലും അളവിൽ കൂടുതൽ പാറ പൊട്ടിക്കുന്നതിനാൽ വീടുകൾ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

ഇടുക്കി കാമാക്ഷിയിലെ പശ്ചിമഘട്ടമലനിരകളിലാണ് ഒരു ക്വാറി പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസവും ഇവിടെ നിന്ന് പൊട്ടിച്ച് കൊണ്ടുപോകുന്നത് നൂറ് കണക്കിന് ടിപ്പർ കല്ല്. ഇടുക്കിയിൽ 27 ക്വാറികൾക്കാണ് പാറപൊട്ടിക്കുന്നതിനുള്ള ജിയോളജി വകുപ്പിന്‍റെ അനുമതി. എല്ലാത്തിനും അനുമതി നൽകിയത് പ്രളയത്തിന് മുന്പ്.

പ്രളയ ശേഷം ഇടുക്കിയുടെ ഭൂപ്രകൃതിയിൽ കാലമായ മാറ്റങ്ങൾ വന്നു. മേൽമണ്ണ് ഒലിച്ച് പോയതിനാൽ പലയിടത്തും ഉരുൾപൊട്ടൽ സാധ്യത ഇരട്ടിയായി. ഈ സാഹചര്യത്തിൽ ഹൈറേഞ്ചിലെ ക്വാറികളുടെ പ്രവർത്തനം തുടരാൻ ഭൂപഠനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.