ബിഹാറില്‍ പ്ളസ് ടു വിദ്യാര്‍ത്ഥിയെ വെടിവച്ച് കൊന്ന കേസില്‍ ജെഡിയു എംഎല്‍സി മനോരമദേവിയുടെ മകന്‍ റോക്കി യാദവ് കീഴടങ്ങി. സുപ്രീം കോടതി ജാമ്യാപേക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് റോക്കി യാദവ് ഗയ ജില്ലാ കോടതിയില്‍ കീഴടങ്ങിയത്.
കഴിഞ്ഞ മെയ് ഏഴിനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആദിത്യ സച്ച്ദേവിനെ റോക്കി യാദവ് വെടിവച്ചു കൊന്നത്. തന്‍റെ വാഹനത്തെ ആദിത്യ ഓവര്‍ടേക്ക് ചെയ്തതായിരുന്നു 23 കാരനായ റോക്കിയുടെ പ്രകോപനത്തിന് കാരണം. സംഭവത്തിന് പിറ്റേന്ന് പിതാവ് ബിന്ദി യാദവിന്‍റെ മിക്‌സര്‍ പ്ലാന്‍റില്‍ നിന്ന് പൊലീസ് റോക്കിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ മാസം 19 ന് പാറ്റ്ന ഹൈക്കോടതി റോക്കിക്ക് ജാമ്യം നല്‍കി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി റോക്കിയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ജാമ്യം റദ്ദായതോടെ പൊലീസ് റോക്കിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് റോക്കി നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്. നേരത്തേ റോക്കിയെ ഒളിവില്‍ താമസിപ്പിച്ചതിന് മാതാപിതാക്കള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. റോക്കി, പിതാവ് ബിന്ദി യാദവ്, ബന്ധു തേനി യാദവ്, മാതാവിന്‍റെ അംഗരക്ഷകന്‍ രാജേഷ് കുമാര്‍, കേസുമായി ബന്ധമുള്ള മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പൊലീസ് ഗയ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണയും വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വീട്ടില്‍ മദ്യം സൂക്ഷിച്ചതിന് മറ്റൊരു കേസും റോക്കിയുടെ പേരിലുണ്ട്.
