ധാക്ക: അഭ്യന്തരകലാപങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പോയ റോംഹിഗ്യകളേയും ഹിന്ദുകളേയും പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി മുന്‍നിശ്ചയിച്ച പ്രകാരം പുരോഗമിക്കുന്നതായും അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനായി നിര്‍മ്മിച്ച ആദ്യത്തെ ക്യാംപ് അടുത്ത ആഴ്ച്ച തുറക്കുമെന്നും മ്യാന്‍മര്‍ അറിയിച്ചു. 

ആഗസ്റ്റിലെ സൈനിക നടപടിക്ക് ശേഷം ആറരലക്ഷത്തോളം റോംഹിഗ്യകള്‍ മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തതായാണ് കണക്ക്. നവംബറില്‍ ബംഗ്ലാദേശും മ്യാന്‍മറും തമ്മില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് ഇപ്പോള്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള നീക്കങ്ങളാരംഭിച്ചത്. ആദ്യഘട്ടത്തില്‍ എത്ര റോഹിംഗ്യകളെ പുനരധിവസിപ്പിക്കണമെന്ന് തീരുമാനിക്കാനായി ബംഗ്ലാദേശ്, മ്യാന്‍മര്‍ അധികൃതര്‍ യോഗം ചേരുന്നുണ്ട്. ജനുവരി 23 മുതല്‍ പുനരധിവാസക്യാംപുകളിലേക്ക് ആളുകളെ എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. 

റോംഹിഗ്യകള്‍ക്കായി തയ്യാറാക്കിയ ആദ്യത്തെ ക്യാംപ് 124 ഏക്കര്‍ സ്ഥലത്തായാണ് തയ്യാറാക്കിയതെന്നും 625 കെട്ടിട്ടങ്ങളിലായി 30,000 പേരെ ഇവിടെ താമസിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് മ്യാന്‍മാര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി അവസാനത്തോടെ മറ്റൊരു നൂറ് കെട്ടിട്ടങ്ങളുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.