യാന്‍ഗോണ്‍ : 2017 ലെ ക്രൂരമായ ഒഴിപ്പിക്കലിന് ശേഷം റോഹിങ്ക്യന്‍ മുസ്ലിമുകള്‍ താമസിച്ചിരുന്ന ഇടങ്ങളില്‍ സൈനിക ആസ്ഥാനം സ്ഥാപിച്ച് മ്യാന്‍മര്‍. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണലാണ് ഈ വിവരം പുറത്ത് വിട്ടത്. സൈന്യം നടത്തിയ ഒഴിപ്പിക്കലിനെ തുടര്‍ന്ന് 350 തില്‍ അധികം ഗ്രാമങ്ങളാണ് ഒഴിപ്പിക്കപ്പെട്ടത്. ഇവിടെ നിന്നും റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേയ്ക്ക് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. 

ഇത്തരത്തില്‍ ഒഴിപ്പിക്കപ്പെട്ട റോഹിങ്ക്യന്‍ മോസ്കുകളുടേയും ഭവനങ്ങളുടേയും സ്ഥലത്താണ് പട്ടാള ക്യാംപുകള്‍ നിര്‍മിക്കുന്നത്. റോഹിങ്ക്യകള്‍ കുടിയൊഴിപ്പിക്കപ്പെട്ട റാഖിനേ ഇപ്പോള്‍ പട്ടാളത്തിന്റെ പിടിയിലാണെന്നും ആനംസ്റ്റി ഇന്റര്‍നാഷണല്‍ വിശദമാക്കുന്നു. സംഭവത്തെക്കുറിച്ച് ഓങ് സാങ് സൂകി ഭരണകൂടം ഇതു വരെ പ്രതികരിച്ചിട്ടില്ല. 

നേരത്തെ തകര്‍ക്കപ്പെടാതിരുന്ന ചില കെട്ടിടങ്ങള്‍ കൂടി പുതിയതായി പൊളിച്ച് നീക്കിയിട്ടുണ്ടെന്നാണ് ആനംസ്റ്റിയുടെ വെളിപ്പെടുത്തല്‍. റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ പൂര്‍ണമായും പട്ടാളത്തിന്റെ അധീനതയില്‍ ആക്കാനുള്ള ശ്രമത്തിലാണെന്നാണ് ആരോപണം. തിരികെ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇത്തരം ശ്രമങ്ങളെന്നുമാണ് ആംനസ്റ്റിയുടെ ആരോപണം.