തന്നെ താരമാക്കിയത് തിയറി ഒന്‍‌റി എന്ന് ലുക്കാക്കു

മോസ്‌കോ: അതിവേഗവും അപാര ഫിനിഷിംഗും ഒത്തുചേര്‍ന്ന ലക്ഷമൊത്ത സ്‌ട്രൈക്കര്‍...റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തെ സെമിയിലെത്തിച്ച റൊമേലു ലുക്കാക്കുവിന്‍റെ കാല്‍പെരുമാറ്റത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍ ലോകകപ്പിലെ തന്‍റെ അമ്പരപ്പിക്കുന്ന കുതിപ്പിന് പിന്നിലെ വിജയരഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ലുക്കാക്കുവിപ്പോള്‍.

ലോകകപ്പില ബെല്‍ജിയത്തിന്‍റെ സഹപരിശീലകനായ ഫ്രഞ്ച് ഇതിഹാസം തിയറി ഒന്‍‌റിയാണ് തന്നെ രാകിയെടുത്തതെന്ന് ലുക്കാക്കു പറയുന്നു. തന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഫ്രഞ്ച് ഇതിഹാസം വളരെയധികം സഹായിച്ചതായി ലുക്കുക്കു ട്രൈബ്യൂണിനോട് വെളിപ്പെടുത്തി. പന്തിനായി കാത്തിരിക്കരുത്, ഗോളവസരം കണ്ടെത്തുകയാണ് വേണ്ടതെന്നും ലുക്കാക്കു പറഞ്ഞു.

ലോകകപ്പില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയത്തിന്‍റെ വിജയരഹസ്യം സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ആണ്. ടൂര്‍ണമെന്‍റില്‍ ഇതിനകം നാല് ഗോളുകള്‍ ലുക്കാക്കു തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്തു. പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസ് സ്ഥാനമേറ്റതിന് ശേഷമാണ് തിയറി ഒന്‍‌റി ബെല്‍ജിയത്തിനൊപ്പം ചേര്‍ന്നത്.