റയല്‍ വിടാനുള്ള താത്പര്യം താരം അറിയിച്ചിരുന്നു

മോസ്കോ: ലോകകപ്പിന്‍റെ ആരവങ്ങള്‍ക്ക് ശേഷം ക്ലബ് യുദ്ധങ്ങള്‍ക്ക് വീണ്ടും തുടക്കമാകുമ്പോള്‍ പല താരങ്ങളും മറ്റു ടീമുകളിലേക്ക് കുടിയേറുന്നത് സ്ഥിരമാണ്. കഴിഞ്ഞ വര്‍ഷം ജെയിംസ് റോഡിഗ്രസ് റയലില്‍ എത്തിയത് തന്നെ ഉദാഹരണം. റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്.

മാഡ്രിഡിന്‍റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരീസ് എ വമ്പന്‍മാരായ യുവന്‍റസിലേക്ക് അടുത്ത വേനലില്‍ ചേക്കേറുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് ചൂടു പിടിപ്പിച്ചത്. യുവന്‍റസുമായി റൊണാള്‍ഡോ കരാര്‍ ഒപ്പിട്ട് കഴിഞ്ഞതായാണ് ഇറ്റാലിയന്‍ ക്ലബ്ബിന്‍റെ മുന്‍ സിഇഒയായ ലൂസിയാനോ മോഗി വെളിപ്പെടുത്തിയിരിക്കുന്നത്.

മ്യൂണിക്കില്‍ വച്ച് റൊണാള്‍ഡോയുടെ വെെദ്യ പരിശോധനയും കഴിഞ്ഞത്രേ. ക്ലബ്ബുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്‍റെ വെളിപ്പെടുത്തലെന്നാണ് മോഗി പറയുന്നത്. 2006 വരെ യുവന്‍റസിന്‍റെ അവിഭാജ്യ ഘടകമായിരുന്നു മോഗി. മാഞ്ചസ്റ്റിലേക്ക് പോകും മുമ്പ് 2002ല്‍ റൊണാള്‍ഡോയെ യുവന്‍റസില്‍ എത്തിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായും മോഗി പറഞ്ഞു.

യുവന്‍റസ് 2022വരെ പോര്‍ച്ചുഗീസ് താരത്തിന് വാര്‍ഷിക പ്രതിഫലമായി 30 മില്യണ്‍ യൂറോ വീതം നല്‍കുമെന്നാണ് സൂചന. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വീഡന്‍- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിനിടെ കമന്‍റേറ്റര്‍മാര്‍ ക്രിസ്റ്റ്യനോയുടെ കൂടുമാറ്റം സൂചിപ്പിച്ചിരുന്നു. ലോകകപ്പില്‍ താരം നാല് ഗോള്‍ ക്രിസ്റ്റ്യാനോ സ്കോര്‍ ചെയ്തിരുന്നു.