നിന്ന നില്‍പ്പിലാണെങ്കില്‍ ഒരടി ആറിഞ്ച് ഉയരത്തിലും ഓടി വന്നാണെങ്കില്‍ രണ്ടടി ആറിഞ്ച് ഉയരത്തിലും റോണോക്ക് പൊങ്ങാനാവും.

മോസ്കോ: കോര്‍ണര്‍ കിക്കുകളില്‍ തലവെക്കാനായി ഉയര്‍ന്നുചാടുന്ന റൊണാള്‍ഡോയെ ആരാധകര്‍ പലവട്ടം കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നലെ ആരാധകരെ അന്പരിപ്പിച്ചത് ഗോളടിക്കാനായുള്ള റൊണാള്‍ഡോയുടെ ചാട്ടമല്ല. ഗോളടിക്കുശേഷമുള്ള ചാട്ടമായിരുന്നു.

കോര്‍ണര്‍ ഫ്ലാഗിനടുത്തെത്തി ഉയര്‍ന്നുചാടി വിജയാഘോഷം നടത്തിയ റോണോ നിന്ന നില്‍പ്പില്‍ നിന്ന് എങ്ങനെയാണ് ഇത്രയും ഉയര്‍ന്നുപൊങ്ങുന്നത് എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. എന്നാല്‍ റൊണാള്‍ഡോയുടെ കളി സ്ഥിരമായി കാണുന്നവര്‍ക്ക് ഇതൊരു പുതുമയല്ല. കാരണം മുന്പും ഇത്തരത്തില്‍ ഉയര്‍ന്നു പൊങ്ങിയിട്ടുണ്ട് റൊണാള്‍ഡോ.

നിലത്തുനിന്ന് 2.6 അടി ഉയരത്തില്‍ പൊങ്ങാന്‍ ക്രിസ്റ്റ്യാനോക്ക് സാധിക്കും. നിന്ന നില്‍പ്പിലാണെങ്കില്‍ ഒരടി ആറിഞ്ച് ഉയരത്തിലും ഓടി വന്നാണെങ്കില്‍ രണ്ടടി ആറിഞ്ച് ഉയരത്തിലും റോണോക്ക് പൊങ്ങാനാവും. റയല്‍ ജേഴ്സിയില്‍ കളിക്കുന്പോള്‍ തന്റെ പഴയ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡനിനെതിരെ 2.8 അടി ഉയരത്തിലും ഒരിക്കല്‍ ഉയര്‍ന്നുപൊങ്ങിയിട്ടുണ്ട് റൊണാള്‍ഡോ. അമേരിക്കയിലെ ബാസ്കറ്റ് ബോള്‍ കളിക്കാരുടെ ശരാശരി ചാട്ടത്തേക്കാള്‍ മികച്ചതാണിത്.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു

ആറടി ഒരിഞ്ച് ഉയരക്കാരനായ റൊണാള്‍ഡോയുടെ പ്രത്യേക വ്യായാമ മുറകളാണ് ഈ കഴിവുണ്ടാക്കുന്നത്. പില്‍ മസിലുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വര്‍ക്കൗട്ടും പ്രോട്ടീന്‍ ഭക്ഷണവും റോണോയെ ഉയരങ്ങള്‍ താണ്ടാന്‍ സഹായിക്കുന്നുവെന്നാണ് വിലയിരുത്തല്‍.