ഇടുക്കി: വിളവും വിലയുമില്ലാതെ ഏലം മേഖല പ്രതിസന്ധിയിലായപ്പോള്‍ പനിനീര്‍പ്പുകളുടെ വസന്തം വിരിയിച്ച് വരുമാനം കണ്ടെത്തുകയാണ് കുമളി വെള്ളാരംകുന്ന് സ്വദേശിയായ യുവകര്‍ഷകന്‍ പറമ്പകത്ത് സജി തോമസ്. അരയേക്കറോളം വരുന്ന സ്ഥലത്ത് രണ്ട് പോളി ഹൗസ്സുകളിലായി ഇരുപതിനായിരത്തോളം പനിനീര്‍ച്ചെടികളാണ് ഇദ്ദേഹം പരിപാലിയ്ക്കുന്നത്. 

കാര്‍ഷിക കുടിയേറ്റ ഗ്രാമമായ കുമളിക്ക് സമീപം വെള്ളാരംകുന്നിലെ ഏലം കര്‍ഷകനായ ഇദ്ദേഹം രണ്ടായിരത്തിപതിനഞ്ചിലാണ് പനിനീര്‍പ്പൂക്കളുടെ കൃഷിയിലേയ്ക്ക് തിരിയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഉല്‍പ്പാദനക്കുറവും വിളപരിപാലന ചിലവില്‍ ഉണ്ടായ വര്‍ദ്ധനവും വിലത്തകര്‍ച്ചയും മൂലം ഏലം കൃഷി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് എന്ത് കൃഷി ആരംഭിക്കുമെന്ന ചിന്തയാണ് ഇദ്ദേഹത്തെ പനിനീര്‍പ്പൂ കൃഷിയിലേയ്ക്ക് എത്തിച്ചത്. നിലവില്‍ പൂക്കള്‍ വ്യാപകമായി കേരളത്തിലേയ്ക്ക് എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. 

കേരളത്തില്‍ പനിനീര്‍പൂക്കള്‍ക്ക് വിപണിയുള്ളതിനാല്‍ വിറ്റഴിയ്ക്കുന്നതിന് ബുദ്ധിമുട്ടുമില്ല. ബാഗ്ലൂരില്‍ നിന്നും തൈവാങ്ങിയാണ് കൃഷി ആരംഭിച്ചത്. റോസ്, വൈറ്റ്, എല്ലോ, ഓറഞ്ച്, പിങ്ക് തുടങ്ങിയ അഞ്ചോളം നിറങ്ങളാണ് ഇവിടെയുള്ളത്. മറ്റ് കൃഷിയെ അപേക്ഷിച്ച് പരിപാലന ചിലവ് കുറവാണെന്നും കൂടുല്‍ വരുമാനം ലഭിക്കുമെന്നും സജി തോമസ് പറയുന്നു. ചെടികള്‍ മൊട്ടിട്ടു കഴിഞ്ഞാല്‍ പെട്ടെന്ന് വിടരാതിരിക്കുന്നതിന് വേണ്ടി ബട്ട് ക്യാപ്പുകള്‍ മൊട്ടുകളില്‍ ഇടും. ഇതില്‍ നിന്നും ഓരോ ദിവസം പാകമാകുന്നത് നോക്കിയാണ് മുറിച്ചെടുക്കുന്നത്. 

അരയേക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന രണ്ട് പോളീ ഹൗസുകളില്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന ഇരുപതിനായിരത്തോളം തൈകളില്‍ നിന്നും ദിവസേന അയ്യായിരം മുതല്‍ ഏഴായിരം രൂപയുടെ വരെ പൂക്കള്‍ വിളവെടുക്കുന്നുണ്ട്. വിളവെടുക്കുന്ന പൂക്കള്‍ കട്ടപ്പന, കുമളി എന്നിവടങ്ങലില്‍ എത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. കൃഷി പരിപാലനത്തിനായി രണ്ട് സ്ഥരം തൊഴിലാളികള്‍ ഉണ്ട്. സജി തോമസ്സിന് കൃഷിയില്‍ വേണ്ട പ്രോത്സാഹനവും സഹായവും നല്‍കി ഭാര്യ ലിജിയും ഒപ്പമുണ്ട്.