സൗദിയിലെ ബുറൈദയില്‍ വെച്ചാണ് പഴകിയ ചിക്കന്റെ വന്‍ ശേഖരം അധികൃതര്‍ പിടിച്ചെടുത്തത്.  25 കണ്ടൈനറുകളിലായി കാലാവധി തീര്‍ന്ന 810,000 ഫ്രോസന്‍ ചിക്കനുകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട് . വില്പന നടത്താനായി മക്ക മദീന ഭാഗത്തേക്ക് കൊണ്ട് പോകവേയാണ് വഴിയില്‍ വെച്ച് ട്രക്കുകള്‍ പിടിയിലായത്. വിതരണക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്‍കി. ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശാല്‍ രാജകുമാരന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. ഗവര്‍ണറേറ്റ്,  നഗരസഭ, കൃഷി മന്ത്രാലയം, ആരോഗ്യ വകുപ്പ്, വാണിജ്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയതാണ് കമ്മിറ്റി. ആറു മാസം മുമ്പ് അതായത് കാലാവധി തീരുന്നതിനു മുമ്പ് വിതരണക്കാര്‍ക്ക് ഇവ നല്കിയിട്ടുണ്ടെന്ന് ചിക്കന്‍ ഇറക്കുമതി ചെയ്ത സ്ഥാപനം വെളിപ്പെടുത്തി. ഗുണനിലവാരമില്ലാത്തതും കാലാവധി തീര്‍ന്നതുമായ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ  ശക്തമായ ശിക്ഷാ നടപടികളാണ് സൗദിയില്‍ സ്വീകരിച്ചുവരുന്നത്.