കൊച്ചി: ജിഎസ്ടി നിലവില്‍ വന്നതോടെ ജീവിതം വഴിമുട്ടിയ ഒരുകൂട്ടം മനുഷ്യരുണ്ട്. ആക്രി വ്യാപാരികളും മാലിന്യങ്ങള്‍ പെറുക്കിവിറ്റ് ജീവിക്കുന്നവരും. ഒറ്റ പൈസ നികുതിയില്ലാതിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് 18 ശതമാനം ജിഎസ്ടിയാണ് ഏര്‍പ്പെടുത്തിയത്. വ്യാപാരികള്‍ മാലിന്യം എടുക്കാതായതോടെ ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ജീവിതം വഴിമുട്ടി. മാലിന്യനീക്കം നിലച്ചതിന്റെ പാരിസ്ഥിതിക ഭീഷണി വേറെ.
നമ്മള്‍ വലിച്ചെറിയുന്ന മാലിന്യം പെറുക്കി ജീവിച്ചിരുന്ന ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ജീവിതോപാധിയാണ് വഴിമുട്ടിയത്. നികുതിയില്ലാതിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് ഇപ്പോള്‍ 18 ശതമാനം നികുതി. അഞ്ച് ശതമാനം നികുതിയുണ്ടായിരുന്ന ഇരുമ്പിനും കുപ്പിച്ചില്ലിനുമൊക്കെ 12 ശതമാനം നികുതിയായി. പാഴ്ക്കടലാസിന്റെ നികുതി 2 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി. ആക്രി വ്യാപാരികള്‍ ഇവ വാങ്ങുന്നത് നിര്‍ത്തിവച്ചിരി
നേരത്തേ നികുതിയടച്ച് വിപണിയിലെത്തിയ സാധനങ്ങളില്‍നിന്നുള്ള മാലിന്യത്തിന് വീണ്ടും നികുതി ചുമത്തുന്നത് നീതിയല്ലെന്നും ഇവര്‍ പറയുന്നു. പ്ലാസ്റ്റിക് വാങ്ങുന്നത് വ്യാപാരികള്‍ പൂര്‍ണ്ണമായും നിര്‍ത്തി. നികുതിയടക്കമുള്ള വിലയ്ക്ക് പ്ലാസ്റ്റിക് മാലിന്യം വാങ്ങാന്‍ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനികളും തയ്യാറല്ല. നല്ല പ്ലാസ്റ്റിക് ഇതിലും കുറഞ്ഞ വിലക്ക് കിട്ടുമ്പോള്‍ കുപ്പയില്‍ കിടന്നത് ആര്‍ക്കുവേണം? ഇലക്ട്രോണിക്, ഇരുമ്പ് മാലിന്യങ്ങളുടെ വ്യാപാരം ചെറിയത തോതില്‍ നടക്കുന്നുണ്ട്.
മുമ്പ് തമിഴ്‌നാട്, മുംബൈ, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ദിവസേന നിരവധി ലോഡ് ആക്രി സാധനങ്ങള്‍ കയറ്റി അയച്ചിരുന്ന കടകളില്‍ ഇപ്പോള്‍ ടണ്‍ കണക്കിന് മാലിന്യം കെട്ടിക്കിടക്കുകയാണ്. എറണാകുളം ജില്ലയില്‍ മാത്രം 200 ആക്രിക്കടകള്‍ ഉണ്ട്. ആക്രി പെറുക്കി ജീവിച്ചിരുന്നവരുടെ ജീവിതപ്രശ്‌നം ഒരുവഴിക്ക്, ഇക്കണ്ട മാലിന്യമെല്ലാം ശേഖരിക്കാനാളില്ലാതെ കിടന്നാല്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക, ആരോഗ്യ ഭീഷണി മറ്റൊരു ഭാഗത്ത്.
