ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി രമാമോഹനറാവുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെടുത്തു. തമിഴ്‌നാട് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. വന്‍തോതില്‍കള്ളപ്പണവും സ്വര്‍ണവും സൂക്ഷിച്ചതിന് സിബിഐ അറസ്റ്റ് ചെയ്ത റെഡ്ഡി സഹോദരന്‍മാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തന്‍. 2011 മുതലുള്ള ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഈ വര്‍ഷം ജൂണില്‍ തമിഴ്‌നാടിന്റെ ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം. സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന ബ്യൂറോക്രാറ്റിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്താനെത്തിയത് സര്‍ക്കാരിനെയും അണ്ണാ ഡിഎംകെയെയും അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലാക്കി. ആന്ധ്രയില്‍ നിന്നുള്ള ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി എന്നീ ഖനനവ്യവസായികളുടെയും ഇവരുടെ ഓഡിറ്റര്‍ പ്രേമിന്റെയും സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു രമാമോഹനറാവുവിന്റെയും ബന്ധുക്കളുടെയും വീടുകളിലെ റെയ്ഡ്. കണ്ടെടുത്ത 30 ലക്ഷം രൂപയുടെ പുതിയ കറന്‍സികളില്‍ 24 ലക്ഷവും സൂക്ഷിച്ചിരുന്നത് ആന്ധ്രയിലെ ചിറ്റൂരിലുള്ള റാവുവിന്റെ മകന്‍ വിവേകിന്റെ ഭാര്യവീട്ടിലാണ്. 11 ഇടങ്ങളിലായി നടന്ന റെയ്ഡില്‍ 5 കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ നടന്ന റെയ്ഡില്‍ നിരവധി പണമിടപാട് രേഖകളും മൊബൈല്‍ഫോണുകളും സിമ്മുകളും പിടിച്ചെടുത്തു. ചീഫ് സെക്രട്ടറിയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനപൊലീസിന് പുറമേ സിആര്‍പിഎഫിന്റെ കനത്ത കാവലില്‍ നടന്ന റെയ്ഡുകള്‍ ഇനിയും തുടരും. വന്‍തോതില്‍ കള്ളപ്പണം സൂക്ഷിച്ചതിന് റെഡ്ഡി സഹോദരന്‍മാര്‍ക്കെതിരെ കേസെടുത്ത സിബിഐയുടെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രണ്ട് പേരെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജനുവരി മൂന്ന് വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമുള്‍പ്പടെ എഐഎഡിഎംകെ ഉന്നതനേതൃത്വവുമായി റെഡ്ഡി സഹോദരന്‍മാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് ഇവര്‍ പണമൊഴുക്കിയിരുന്നെന്നും നേരത്തേ ആരോപണമുയര്‍ന്നിരുന്നതാണ്. റെയ്ഡുകളുടെ പേരില്‍ ഭരണകക്ഷിയെ ഡിഎംകെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ പുറത്താക്കണമെന്നും എഐഎഡിഎംകെയ്ക്ക് ധാര്‍മ്മികത നഷ്ടപ്പെട്ടെന്നും പ്രതിപക്ഷനേതാവ് സ്റ്റാലിന്‍ പ്രതികരിച്ചു. എന്നാല്‍ വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് റെയ്ഡുകളെന്നായിരുന്നു കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം.