ബംഗാള്‍പൂര്‍: ഉദ്ഘാടനത്തിന് ഒരുദിവസം മുന്‍പ് ബീഹാറില്‍ ഡാം തകര്‍ന്നു ആളപായമില്ല. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഡാമിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കാനിരുന്നത്. 389.31 കോടി മുതല്‍ മുടക്ക് വരുന്ന ഗതേശ്വര്‍ പാന്ധ് കനാല്‍ പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ഡാമാണ് തകര്‍ന്നത്. ഇതേത്തുടര്‍ന്ന് ഉദ്ഘാടനപരിപാടി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

തകര്‍ച്ചയെത്തുടര്‍ന്ന് ഒരു പ്രളയത്തിന്റെ പ്രതീതിയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അപകടം നടന്ന് ഉടന്‍തന്നെ രക്ഷാസേന അവിടെ എത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, തകരാറുകൊണ്ടല്ല പൂര്‍ണശക്തിയില്‍ തുറന്നു വിട്ടതിനാലാണ് ഡാം തകര്‍ന്നത് എന്നും പുതുതായി നിര്‍മ്മിച്ച ഭാഗത്തിന് യാതൊരു വിധ തകരാറും ഉണ്ടായിട്ടില്ലെന്നും സംസ്ഥാനത്തെ ജലവിഭവവകുപ്പ് മന്ത്രി ലല്ലന്‍ സിങ്ങ് പറഞ്ഞു. 

സംസ്ഥാനങ്ങള്‍ തമ്മില്‍ പങ്ക് വഹിക്കുന്ന പദ്ധതിയായ ബദേശ്വരസ്ഥാന്‍ ഗംഗ പമ്പ് കനാല്‍ പ്രോജക്ടിന്റെ ഭാഗമായാണ് ഡാം നിര്‍മ്മിച്ചത്. ഈ പദ്ധതിക്കായി 389.31 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. കനാലിലൂടെ വരുന്ന ജലം ശേഖരിക്കുന്നതിനായാണ് ഡാം നിര്‍മ്മിച്ചത്. സംസ്ഥാനത്ത കര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്‌നമായ ജലദൗര്‍ലഭ്യം പരിഹരിക്കുവാനായാണ് പദ്ധതി ആരംഭിച്ചത്.