ഹിന്ദുത്വത്തെ അടുക്കളയുടെ മതമായി ചിത്രീകരിക്കരുതെന്ന് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയില്‍ ലേഖനം. പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം. പശുസംരക്ഷണത്തിന്‍റെ പേരിലുള്ള അതിക്രമങ്ങള്‍ക്കെതിരെയും ലേഖനത്തില്‍ പറയുന്നു. ഉത്തരേന്ത്യയിലെ ഭക്ഷണ സംസ്കാരം രാജ്യം മുഴുവന്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് പാഞ്ചജന്യ മുന്‍ എഡിറ്ററും എംപിയുമായിരുന്ന തരുണ്‍ വിജയ് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. അതേസമയം, ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ആവര്‍ത്തിച്ചു.
പശുവിന്‍റെ പേരിലുള്ള അക്രമങ്ങള്‍ സര്‍ക്കാരിന്റെ വികസനശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് വ്യക്തമാക്കിയാണ് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയില്‍ മുന്‍ എഡിറ്റര്‍ തരുണ്‍ വിജയ് ലേഖനമെഴുതിയത്. പാവപ്പെട്ടവരുടെ ഉന്നമനത്തിനും വികസനത്തിനുമാണ് ഊന്നല്‍ നല്‍കേണ്ടത്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ കശാപ്പിനേയും ലേഖനം വിമര്‍ശിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നരെ മുഹമ്മദ് ഗോറി, ബാബര്‍ എന്നിവരോടാണ് ലേഖനം താരതമ്യം ചെയ്തത്. മൃഗങ്ങളെ രാഷ്‌ട്രീയത്തിന് വേണ്ടിയാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ഉപയോഗിക്കുന്നതെന്നും വിമര്‍ശനമുണ്ട്. പശുക്കളെയും ക്ഷേത്രങ്ങളെയും നിരുത്തരവാദിത്തത്തോടെയാണ് ഹിന്ദുക്കള്‍ കൈകാര്യം ചെയ്യുന്നത്. വിവേകാനന്ദന്‍റേയും ഗോള്‍വാള്‍ക്കറുടേയും സവര്‍ക്കറുടേയും ലേഖനം ഗോരക്ഷകര്‍ വായിക്കണം. കന്നുകുട്ടികള്‍ക്ക് മാതാവിന്‍റെ പാല്‍ നിഷേധിക്കുന്ന ചെയ്യുന്ന അവസ്ഥയ്‌ക്കും മാറ്റമുണ്ടാകണമെന്നും ലേഖനത്തില്‍ പറയുന്നു. അതിനിടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ലെന്ന് ആവര്‍ത്തിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വിമര്‍ശനങ്ങള്‍ പരിശോധിക്കുമെന്നും വ്യക്തമാക്കി
കഴിഞ്ഞ ദിവസംമേഘാലായയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ സന്ദര്‍ശനത്തിനിടെ ബീഫ് മേള സംഘടിപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
