ബീഫ് കഴിക്കുന്നത് നിർത്തൂ ആൾക്കൂട്ട ആക്രമണങ്ങൾക്ക് അറുതി വരും ആൾക്കൂട്ട കൊലകളെക്കുറിച്ച് ആർഎസ്എസ് നേതാവ്

റാഞ്ചി: ജനങ്ങൾ ​ഗോമാംസം ആഹാരമാക്കുന്നദത് അവസാനിപ്പിച്ചാൽ ആൾക്കൂട്ടക്കൊലകളും അവസാനിക്കുമെന്ന് ആർഎസ് എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ‌ നാം മൂല്യങ്ങളെ സംരക്ഷിച്ചാൽ മതിയാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ''ആൾക്കൂട്ട കൊലപാതകങ്ങളെ ഒരു കാരണവശാലും അം​ഗീകരിക്കാൻ സാധിക്കില്ല. എന്നാൽ‌ പശുവിറച്ചി കഴിക്കുന്നത് നിർത്തിയാൽ ഇത്തരം ആക്രമണങ്ങൾ ഒഴിവാക്കാം.'' രാജസ്ഥാനിലെ ആൾവാറിൽ നടന്ന ആൾക്കൂട്ടക്കൊലയെ പരാമർശിച്ചാണ് ഇന്ദ്രേഷ് കുമാർ ഇപ്രകാരം പറഞ്ഞത്. 

''പശുക്കളെ കൊല്ലാൻ ലോകത്തെ മതങ്ങളൊന്നും തന്നെ അനുവദിക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ക്രിസ്ത്യാനികൾക്കിടയിലും പശു വിശുദ്ധ മൃ​ഗമാണ്. കാരണം ക്രിസ്തു ജനിച്ചത് കാലിത്തൊഴുത്തിലാണ്. മുസ്ലീം സമുദായത്തിലും അങ്ങനെ തന്നയാണ്. മക്കയിലും മദീനയിലും പശുക്കളെ കൊല്ലാൻ അനുവദിക്കില്ല. മതങ്ങളൊന്നും പശുക്കളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇത്തരം വിഷയങ്ങളിൽ കർശനമായ നിയമങ്ങളോടെ സർക്കാർ ഇടപെടേണ്ടതാവശ്യമാണ്. എന്നാൽ ഇത്തരം സംഭവങ്ങളിൽ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന കാര്യം സമൂഹം തീർച്ചയായും ഉറപ്പാക്കേണ്ടതാണ്.'' റാഞ്ചിയിൽ ഹിന്ദു ജാ​ഗരൺ മഞ്ചിന്റെ ഝാർഖണ്ഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ.