അയോധ്യ കേസ് വൈകിപ്പിക്കുന്നതും അനാദരിക്കുന്നതും അവരാണെന്ന് ഇന്ദ്രേഷ് കുമാർ വിമർശിച്ചു. പേരെടുത്ത് പറയാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാംജന്മഭൂമിയോട് എന്തിനാണ് അനീതി കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

ഉത്തര്‍പ്രദേശ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ വിഷയത്തിൽ സുപ്രീം കോടതി ജഡ്ജിമാരെ വിമർശിച്ച് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട നിയമനിർമ്മാണം വൈകിപ്പിക്കുന്ന വിഷയത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ളവർക്ക് നേരെ ഇന്ദ്രേഷ് കുമാർ കടുത്ത വിമർശനമുന്നയിച്ചിരിക്കുന്നത്. പഞ്ചാബ് സർവ്വകലാശാലയിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ.

കോടിക്കണക്കിന് ഹൈന്ദവരുടെ വിശ്വാസത്തെ സംബന്ധിച്ച വിഷയമാണിത്. രാമക്ഷേത്ര നിർമ്മാണത്തിനായി സർക്കാർ നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ്. അയോധ്യ കേസ് പരി​ഗണിക്കുന്ന ബഞ്ചിലുള്ള മൂന്ന് ജഡ്ജിമാരെക്കുറിച്ച് ജനങ്ങൾക്ക് അറിയാം. അയോധ്യ കേസ് വൈകിപ്പിക്കുന്നതും അനാദരിക്കുന്നതും അവരാണെന്ന് ഇന്ദ്രേഷ് കുമാർ വിമർശിച്ചു. പേരെടുത്ത് പറയാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാംജന്മഭൂമിയോട് എന്തിനാണ് അനീതി കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

എന്നാൽ എല്ലാ ജഡ്ജിമാരും ഇങ്ങനെയല്ലെന്നും ഇന്ദ്രേഷ് കുമാർ പറയുന്നു. രണ്ടോ മൂന്നോ പേരൊഴികെ മറ്റെല്ലാരും നീതിയുക്തമായി പ്രവർത്തിക്കുന്നവരാണ്. എന്നാൽ നീതി നടപ്പാക്കാത്തവർ മൂലം മറ്റ് ജഡ്ജിമാർ കൂടി പഴി കേൾക്കേണ്ടി വരുന്നു. ഇവർ വിശ്വാസങ്ങളെയും ജനാധിപത്യത്തെയും മൗലികാവകാശങ്ങളെയും ഭരണഘടനയെയും ഹനിക്കുന്നവരാണെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ വിവാദ പരാമർശം.