മുസാഫര്‍പുര്‍: യുദ്ധത്തിനൊരുങ്ങാന്‍ ഇന്ത്യന്‍ സൈന്യത്തിന് ആറ് മാസം സമയം വേണമെന്നും എന്നാല്‍ ആര്‍എസ്എസിന് മൂന്ന് ദിവസം കൊണ്ട് യുദ്ധത്തിന് സജ്ജരാവാന്‍ സാധിക്കുമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഉത്തര്‍പ്രദേശില്‍ ആറ് ദിവസം നീണ്ടു നിന്ന പര്യാടനത്തിന്റെ സമാപനദിവസമാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്. 

പ്രവര്‍ത്തകരെ മൂന്ന് ദിവസം കൊണ്ട് യുദ്ധത്തിന് സജ്ജരാക്കാന്‍ സംഘത്തിന് സാധിക്കും എന്നാല്‍ സൈന്യത്തിന് ആറ്-ഏഴ് മാസം വേണം യുദ്ധത്തിന് സജ്ജരാവാന്‍.... അത്രയും ശക്തമാണ് സംഘം. യുദ്ധം പോലെ രാജ്യം പ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തില്‍ ഭരണഘടന അനുവദിക്കുമെങ്കില്‍ മുന്‍നിരയില്‍ നിന്നു പോരാടാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തയ്യാറാണ്. 

സ്വയം സേവക് സംഘ് എന്നത് ഒരു സൈനിക-അര്‍ധസൈനിക സ്വഭാവമുള്ള സംഘടനയല്ല. ഒരു കുടുംബം എന്ന സങ്കല്‍പത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംഘപ്രവര്‍ത്തകരുടെ അച്ചടക്കം സൈനികര്‍ക്കൊപ്പം നില്‍ക്കുന്നതാണ്. മോഹന്‍ ഭഗവത് പറയുന്നു.