തൃശൂര്‍: ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എ കെ യു അരുണന് പരസ്യശാസന. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. അരുണനെ തെറ്റിദ്ധരിപ്പിച്ചെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇനി ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു .

ഇരിങ്ങാലക്കുട എംഎല്‍എയായ കെ യു അരുണന്‍ ആര്‍എസ്എസ് ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതാണ് വിവാദമായത്. ആര്‍എസ്എസിന്റെ സേവാ പ്രമുഖ് ആയിരുന്ന വിഎസ് ഷൈനിന്റെ സ്മരണാര്‍ത്ഥമുള്ള പുസ്തക വിതരണ ചടങ്ങാണ് സിപിഎം എംഎല്‍എ ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ എംഎല്‍എ ആര്‍എസ്എസ് ബോര്‍ഡ് വച്ച പരിപാടിയില്‍ പോയത് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം. എംഎല്‍ക്കെതിരെ ജില്ലയിലെ സിപിഎം നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

എന്നാല്‍ ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ച് അറിയിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതുമെന്നാണ് എംഎല്‍എ നല്‍കിയ വിശദീകരണം. സംഭവത്തില്‍ അരുണന്‍റെ വിശദീകരണം തൃപ്തികരമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ.