ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്കുന്ന സംഘടന ഹിന്ദു യുവവാഹിനി പിരിച്ചുവിടണമെന്ന ആവശ്യവുമായി ആർഎസ്എസ് രംഗത്ത്.
ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ വളർന്നുവരുന്ന ഹിന്ദു യുവവാഹിനിയുടെ സ്വാധീനവും ബിജെ.പി പ്രവർത്തകർ കൂടുതൽ സംഘടനയിൽ ആകൃഷ്ടരാകുന്നതുമാണ് ആർ.എസ്.എസിനെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തർപ്രദേശിൽ തീവ്രഹിന്ദുത്വആശയങ്ങൾ പ്രചരിപ്പിക്കാൻ ബി.ജെ.പിക്കും ആർ.എസ്.എസിനും സമാന്തരമായി 2002ൽ ആദിത്യനാഥ് രൂപവത്കരിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി.
സംസ്ഥാനത്ത് ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളിലും മറ്റും ഹിന്ദു യുവവാഹിനി പ്രവർത്തകര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മെയ് ഒന്ന്, രണ്ട് തീയതികളിൽ ലഖ്നൗവിൽ നടന്ന ബി.ജെ.പി സംസ്ഥാന നിർവാഹകസമിതി യോഗത്തിലും സംഘക്കെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു.തടർന്ന് ആറുമാസത്തേക്ക് അംഗത്വവിതരണം നിർത്തിവെച്ചതായി ഹിന്ദു യുവവാഹിനി പ്രസിഡൻറ് പി.കെ. മാൾ അറിയിച്ചിരുന്നു.
എന്നാൽ അംഗത്വം നിർത്തിയതുകൊണ്ട് മതിയാവില്ലെന്നും സമാനമായ രണ്ടു സംഘടനയുടെ ആവശ്യമില്ലെന്നുമാണ് ആർഎസ്എസ് നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്നതടക്കം ഹിന്ദു യുവവാഹിനിയുടെ പല ആവശ്യങ്ങൾക്കും ആർ എസ്. എസിന് വഴങ്ങേണ്ടിവന്നിട്ടുണ്ട്. ഹിന്ദു യുവവാഹിനിയുടെ ശക്തി വർധിക്കുന്നതോടെ അവരുടെ ആവശ്യങ്ങൾക്കെല്ലാം വഴങ്ങേണ്ടിവരുമെന്നാണ് ആർ.എസ്.എസ് ഭയപ്പെടുന്നും റിപ്പോര്‍ട്ടുകളുണ്ട്.
