മുൻപെങ്ങുമില്ലാത്ത വിധം ബിജെപി സംസ്ഥാന ഘടകത്തിന് മേൽ ആർഎസ്എസ് പിടിമുറുക്കി. ശബരിമല സമരത്തിലടക്കം പിഎസ് ശ്രീധരൻ പിള്ളയുടെ പിടിപ്പുകേടിനെതിരെ സംസ്ഥാന ബിജെപിയിൽ കടുത്ത അതൃപ്തി.
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ചർച്ചകളിലേക്കും സ്ഥാനാർത്ഥി നിർണയത്തിലേക്കുമൊക്കെ കടക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. കോർകമ്മിറ്റിയോഗം നാളെ തൃശ്ശൂരിൽ ചേരും. സംസ്ഥാന ഭാരവാഹിയോഗവും ലോക്സഭാ മണ്ഡലം ചുമതലക്കാരുടെ യോഗവുമെല്ലാം കൂടെയുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോഴും മുൻപെങ്ങുമില്ലാത്ത വിധം ആശയക്കുഴപ്പത്തിലും അന്തർ സംഘർഷത്തിലുമാണ് ബിജെപി സംസ്ഥാന ഘടകം.
അതിൽ പ്രധാനം ആർഎസ്എസ് പ്രകടിപ്പിക്കുന്ന അപ്രമാദിത്തം തന്നെയാണ്. ശബരിമല സമരത്തെ തുടർന്നിങ്ങോട്ട് മുൻപെങ്ങുമില്ലാത്ത വിധം ബിജെപി സംസ്ഥാന ഘടകത്തിന് മേൽ ആർഎസ്എസ് പിടിമുറുക്കി. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിന് ആർഎസ്എസിന്റെ അഭിപ്രായം കണക്കിലെടുക്കുന്ന പതിവ് ബിജെപിക്കുണ്ട്. പക്ഷെ ഇത്തവണ ഒരു പടി കൂടി കടന്ന് കടിഞ്ഞാൺ മുഴുവൻ ആർഎസ്എസ് ഏറ്റെടുത്ത് കഴിഞ്ഞു.
ഓരോ മണ്ഡലത്തിലേയും സ്ഥാനാർത്ഥി സാധ്യതയും അനുകൂല ഘകങ്ങളും വിലയിരുത്താൻ പ്രത്യേക സംവിധാനം ഇതിനകം തന്നെ ആർഎസ്എസ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ആർഎസ്എസ് തയ്യാറാക്കുന്ന ലിസ്റ്റ് പരിഗണിക്കാൻ അതുകൊണ്ടു തന്നെ ബിജെപി നേതൃത്വം നിർബന്ധിതരാകും. ആർഎസ്എസിന് പിന്നാലെ പോകേണ്ടിവരുന്ന അവസ്ഥ സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണെന്ന വിമർശനം ബിജെപിക്കകത്തും ശക്തമാണ്. ശബരിമല സമരം ബിജെപി തുടങ്ങി വച്ചെങ്കിലും അത് കർമ്മസമിതി ഹൈജാക്ക് ചെയ്തു. അയ്യപ്പ സംഗമത്തിന്റെ വേദിയിൽ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള അടക്കം ബിജെപി നേതാക്കൾക്കാർക്കും ഇരിപ്പിടം പോലും കിട്ടിയില്ല, തുടക്കത്തിൽ സമരം ഏറ്റെടുത്ത ബിജെപിക്ക് അതിന്റെ തുടർച്ച നിലനിർത്താനാകാത്തതിന് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് വി മുരളീധര പക്ഷം പറയുന്നത്.
കെ സുരേന്ദ്രന്റെ അറസ്റ്റിന് ശേഷം ശബരിമല സമരം മലയിറങ്ങിയപ്പോൾ മുതൽ അവസരമെല്ലാം പിഎസ് ശ്രീധരൻ പിള്ള പിടിപ്പുകേടുകൊണ്ട് മാത്രം കളഞ്ഞുകുളിച്ചെന്ന ആക്ഷേപവും ശക്തമാണ്. ആശയക്കുഴപ്പം പരിഹരിക്കാൻ നേതൃതലത്തിൽ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഏറ്റെടുക്കാൻ പോലും ആളില്ലാത്ത അവസ്ഥയുണ്ടായി. എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ നിർബന്ധിതമായ സമരത്തിന്റെ സമാപനത്തിന് ആളെ കൂട്ടാൻ പോലും ബുദ്ധിമുട്ടിയത് നാണക്കേടായെന്ന കടുത്ത വിമർശനവും ശ്രീധരൻപിള്ള വിരുദ്ധ പക്ഷത്തിനുണ്ട്.
അതേസമയം വി മുരളീധരപക്ഷം സമരവുമായി സഹകരിച്ചില്ലെന്ന വിമർശനം കോർകമ്മിറ്റിയിലും ഭാരവാഹി യോഗത്തിലുമെല്ലാം ശ്രീധരൻ പിള്ളയെ അനുകൂലിക്കുന്നവർ ഉന്നയിക്കുമെന്ന് ഉറപ്പ്. കാര്യമെന്തായാലും വലിയ തമ്മിൽ തല്ല് ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അടിക്കടി പ്രഖ്യാപിച്ച ഹർത്താലുകളും അക്രമങ്ങളും മാധ്യമവിലക്കും എല്ലാം തിരിച്ചടിയായെന്ന വിലയിരുത്തലാണ് വലിയൊരു വിഭാഗത്തിന് ഉള്ളത്. മികച്ച അവസരം ഉണ്ടായിട്ടും ബിജെപിക്ക് അത് ഫലപ്രദമായി ഉപയോഗിക്കാനാകാത്തത് കോർകമ്മിറ്റിയോഗത്തിലടക്കം പിഎസ് ശ്രീധരൻ പിള്ളയെ കാത്തിരിക്കുന്ന കുറ്റപത്രമാണ്. ഒപ്പം ആർഎസ്എസ് കുരുക്കിനെ മറികടന്ന് സ്ഥാനാർത്ഥി നിർണയവും സംസ്ഥാന ബിജെപിക്ക് തലവേദനയുണ്ടാക്കും
