ന്യൂഡൽഹി: ഒമ്പത് പതിറ്റാണ്ടായി തുടരുന്ന ആർ.എസ്.എസിന്‍റെ കാക്കി നിക്കർ യൂണിഫോം ബ്രൗൺ പാന്‍റ്സിന് വഴിമാറും. ഒക്ടോബർ 11ന് പുതിയ യൂണിഫോം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 90 വര്‍ഷമായി ആര്‍എസ്എസിന്‍റെ അടയാളമാണ് കാക്കി നിക്കറുകളായ ഗണവേഷം എന്ന യൂണീഫോം. മാർച്ചിൽ നടന്ന ഉന്നതാധികാര സമിതി (അഖില ഭാരതീയ പ്രതിനിധി സഭ) യോഗത്തില്‍ യൂണിഫോം മാറ്റുന്നത് സംബന്ധിച്ച നിർണായക തീരുമാനമെടുത്തിരുന്നു.

കാക്കി നിക്കർ, വെള്ള ഷർട്ട്, കറുത്ത തൊപ്പി, ബ്രൗൺ സോക്സ്, മുളവടി എന്നിവ ചേരുന്നതാണ് ആർ.എസ്.എസിന്‍റെ ഔദ്യോഗിക വേഷമായ ഗണവേഷം. ഇതിൽ കാക്കി നിക്കറിന് പകരമായാണ് ബ്രൗൺ പാന്‍റ്സ് ഉപയോഗിക്കുക.

ആർ.എസ്.എസ് സ്ഥാപക ദിനമായ ഒക്ടോബർ 11ലെ വിജയദശമി ദിനത്തില്‍ പുതിയ യൂണിഫോം പ്രാബല്യത്തിൽ വരും. നാഗ്‍പൂരിൽ സംഘടനയുടെ ആസ്ഥാനത്ത് നടക്കുന്ന വിജയദശമി ആഘോഷത്തിൽ ബ്രൗൺ പാന്‍റ്സ് ധരിച്ചാകും സർസംഘ ചാലക് മോഹൻ ഭഗവത് സ്വയംസേവകരെ അഭിസംബോധന ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിൽ രണ്ട് ലക്ഷത്തോളം ബ്രൗൺ പാന്‍റുകൾ സംഘടനയുടെ വിവിധ കാര്യാലയങ്ങളിൽ എത്തിച്ചതായി വക്താവ് മൻമോഹൻ വൈദ്യ മാധ്യമങ്ങളെ അറിയിച്ചു. രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നുമാണ് യൂണിഫോമിനുള്ള ബ്രൗൺ തുണി ശേഖരിച്ചത്. മാറ്റത്തിന് മുന്നോടിയായി ഒരെണ്ണത്തിന് 250 രൂപ നിരക്കിൽ ഏഴു ലക്ഷം പാന്‍റ്സുകൾ സ്വയംസേവകർക്ക് വിതരണം ചെയ്യും.