തലശ്ശേരി: ഫസൽ വധക്കേസിന് പിറകിൽ ആർ.എസ്.എസ് ആണെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നതായും, പുതിയ വെളിപ്പെടുത്തലുകളോടെ സത്യം തെളിയുമെന്നും ഫസലിന്‍റെ സഹോദരൻ അബ്ദുറഹ്മാൻ. ഒ.കെ വാസുവും, എ അശോകനും അടക്കമുള്ളവർ ബിജെപിയിൽ നിന്ന് സിപിഎമ്മിലെത്തിയ സമയത്തും തനിക്ക് വിവരങ്ങൾ ലഭിച്ചെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. അതേസമയം, സുബീഷിന്റേതായി പുറത്തുവന്ന വെളിപ്പെടുത്തലുകളും കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനവും വെച്ച് ശബ്ദ പരിശോധനക്ക് ഒരുങ്ങുകയാണ് പൊലീസ്.
2006ൽ ഫസൽ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതികളാരും പിടിയിലാകാതിരുന്നതോടെ, അന്നത്തെ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഫസലിന്‍റെ സഹോദരൻ പരാതി അയച്ചിരുന്നു. പാർട്ടിപ്രവർത്തകനായിട്ടു പോലും തനിക്ക് ഉചിതമായ സഹായം ലഭിക്കുന്നില്ലെന്ന്, കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടിയേരിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
കേസിൽ ആദ്യപ്രതി അറസ്റ്റിലായത് മുതൽ തനിക്ക് സംശയങ്ങളുണ്ടായിരുന്നതായും, എന്നാൽ പിന്നീട് സിബിഐയും തന്‍റെ പ്രതീക്ഷകൾ തെറ്റിച്ചുവെന്നും അബ്ദുറഹ്മാൻ പറയുന്നു. ഫസലിന് താൻ വിട്ടുപോന്ന സിപിഎമ്മുമായി ശത്രുത ഉണ്ടായിരുന്നില്ലെന്നും, അതേസമയം ആർ.എസ്.എസുമായി കൊല്ലപ്പെടുന്നതിന് മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പറയുന്ന അബ്ദുറഹ്മാൻ, കണ്ണൂരിൽ ബിജെപി വിട്ട് സിപിഎമ്മിലേക്കെത്തിയവരിൽ നിന്നും തനിക്ക് വിവരങ്ങൾ ലഭിച്ചെന്ന് വ്യക്തമാക്കുന്നു
ഫസലിന്‍റെ ഭാര്യയായിരുന്ന മറിയു അടക്കം കേസിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിയപ്പോൾ സിപിഎം പക്ഷത്തെ സ്ഥിരം സാന്നിധ്യമായിരുന്നു അബ്ദുറഹിമാൻ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ പ്രസക്തമാകുന്നത്. അതേസമയം കേസിൽ സുബീഷിന്‍റെ വാർത്താസമ്മേളനത്തിന്റെ വീഡിയോ ശേഖരിച്ച് ശബ്ദപരിശോധന നടത്തി ആധികാരികത തെളിയിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ പൊലീസ്.
