തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് വിനായകനഗര്‍ കുന്നില്‍വീട്ടില്‍ രാജേഷിനെ (34) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലപുരം സ്വദേശികളായ വിപിന്‍, മോനി എന്നിവരെയാണ് കസ്റ്റഡയിലെടുത്തത്. അക്രമിസംഘത്തില്‍ ഇവരുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് ഇന്ന് പുലര്‍ച്ചെ അതിസഹാസികമായി കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകത്തിന് ശേഷം പുലിപ്പാറയിലേക്ക് മുങ്ങിയ പ്രതികളെ ഷാഡോ പൊലീസ് ഓടിച്ച് പിടികൂടുകയായിരുന്നു. ഇവരില്‍ മുഖ്യപ്രതി മണിക്കുട്ടന്‍ അടക്കം അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. അഞ്ചുപേര്‍ ഇവരെ സഹായിച്ചവരാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെയാണ് വൈകിട്ടോട് രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

വൈകിട്ട് രാജേഷിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്‌ക്കിടെ തലസ്ഥാനത്തു വ്യാപക സംഘര്‍ഷമുണ്ടായി. യൂണിവേഴ്‌സിറ്റി കോളജ്, ഫൈന്‍ ആര്‍ട്സ് കോളജ് പരിസരങ്ങളില്‍ കല്ലേറുണ്ടായി. മൃതദേഹം കടന്നുപോയവഴിയിലാണു സംഘര്‍ഷമുണ്ടായത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശ്രീകാര്യത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്നു നഗരത്തിലൂടെ വിലാപയാത്രയായിട്ടാണു മൃതദേഹം ശാന്തികവാടത്തില്‍ എത്തിച്ചത്.