അബുദാബിയിലെ പ്രശസ്മായ എമിറേറ്റ്സ് പാലസ് ഹോട്ടലിലാണ് മോദി ഇത്തവണയും തങ്ങുന്നത്. കഴിഞ്ഞ് തവണ മിനിസ്റ്റേഴ്സ് സ്വീറ്റാണ് മോദിക്ക് നല്കിയതെങ്കിൽ ഇത്തവണ ആറ് റൂളേഴ്സ് മുറികളിലൊന്നിലാണ് മോദിയെ യുഎഇ ഭരണകൂടം താമസിപ്പിക്കുന്നത്. അബുദാബിയിലെ രാജകൊട്ടാരത്തിന് മുന്നിൽ കൊട്ടാര സദൃശമായ ഹോട്ടലാണ് എമിറേറ്റ്സ് പാലസ് ഹോട്ടൽ. 

നാനൂറ് മുറികളുണ്ട് ഈ ഹോട്ടലിൽ. ആഡംബരത്തിൻറെ പര്യായമായ ഈ ഹോട്ടലിൽ ആറ് റൂളേഴ്സ് സ്വീറ്റുകളുണ്ട്. വിശാലമായ ഈ ഭരണകർത്താക്കൾക്കുള്ള മുറികൾ ആറു ജിസിസി രാജ്യങ്ങളിലെ നേതാക്കളെ ഉദ്ദേശിച്ചുള്ളതാണ്. ഇതിൽ കുവൈറ്റ് ഭരണാധികാരിയുടെ പേരിലുള്ള സ്വീറ്റാണ് ഇത്തവണ മോദിക്ക് മാറ്റിവച്ച് അബുദാബി ഭരണകൂടം ഇന്ത്യയോടുള്ള മാറുന്ന സമീപനം പ്രകടിപ്പിച്ചത്. കഴിഞ്ഞ തവണ 44 മിനിസ്റ്റേഴ്സ് സ്വീറ്റുകളിലൊന്നായിരുന്നു മോദിക്ക് നല്കിയത്. സാധാരണ ഇവിടെയെത്തുന്ന ഭരണാധികാരികൾ ചില പ്രത്യേക സൗകര്യങ്ങൾ കൂടി ആവശ്യപ്പെടും. 

ഇത്തവണ മോദിക്കായി ഇന്ത്യൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് ഹോട്ടലിൽ കിട്ടാത്ത 17 ഇന്ത്യൻ ചാനലുകൾ. ടിവി കണ്ടുകൊണ്ട് വ്യായാമം ചെയ്യാവുന്ന തരത്തിൽ ട്രെഡ്മിൽ വേണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും ഇത് വേണ്ടെന്ന് പിന്നീട് അറിയിച്ചു. വഴുതാതെ നോക്കാൻ പ്രത്യേക പരവതാനി. ഒപ്പം 12 പേർക്ക് കാപ്പി നല്കി കൂടിക്കാഴ്ച നടത്താനുള്ള സൗകര്യവും. പല നേതാക്കളുമായും താരതമ്യം ചെയ്യുമ്പോൾ മോദിക്ക് ആവശ്യങ്ങൾ കുറവാണെന്ന് ഇവിടെയുള്ള ജീവനക്കാർ പറയുന്നു. ഒരു രാത്രിമാത്രമാകും മോദി ഈ ഹോട്ടലിൽ തങ്ങുക