അമ്മന്‍: വ്യോമാക്രമണം രൂക്ഷമായ സിറിയയിൽ 30 ദിവസം വെടിനിർത്തൽ കൊണ്ടുവരാനുള്ള യുഎൻ ശ്രമങ്ങൾക്കെതിരെ റഷ്യ വീണ്ടും രംഗത്ത്.വെടിനിർത്തലുമായി ബന്ധപ്പെട്ട് ഒരു കരാറിനും ഒരുക്കമല്ലെന്ന് റഷ്യ നിലപാട് എടുത്തു. അതിനിടെ സിറിയയിലെ കിഴക്കൻ ഗൗത്തയിൽ അഞ്ച് ദിവസത്തിനുള്ളിൽ മരണസംഘ്യം 400 കവിഞ്ഞു.
ഇതുവരെ നടന്നതിൽ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് വിമത കേന്ദ്രമായ കിഴക്കൻ ഗൗത്തയിൽ തുടരുന്നത്. ഇന്നലെ മാത്രം 46 പേരാണ് മേഖലയിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ വെടിനിർത്തലിലൂടെ മരുന്നും ഭക്ഷണവും എത്തിക്കാൻ ഐക്യാരാഷ്ട്ര സഭയിൽ നീക്കം നടന്നത്.
അമേരിക്കയടക്കം ഇതിനായി രംഗത്ത് എത്തുമ്പോഴാണ് റഷ്യ സെക്യൂരിറ്റി കൗണ്‍സിലിൽ വിയോജിപ്പ് ആവർത്തിച്ചത്. വെടിനിർത്തൽ പ്രമേയത്തിൽ കൂടുതൽ ഭേദഗതികൾ അവതരിപ്പിച്ചതായി ഐക്യരാഷ്ട്രസഭയിലെ റഷ്യൻ പ്രതിനിധി വ്യക്തമാക്കി. പേരിന് നടപടികൾ കൈകൊണ്ടാൽ സാധാരണ ജനങ്ങൾക്ക് സഹായകമാകില്ല പകരം വിമതർ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രായോഗികമായ നടപടികളാണ് വേണ്ടതെന്ന് റഷ്യ നിലപാട് എടുത്തു.
വെടിനിർത്തലിനായി വാദിക്കുന്നവർ വിമതരെ തുരത്തുന്നതിനാണ് പ്രധാന്യം നൽകേണ്ടതെന്നും റഷ്യ വാദിക്കുന്നു. അടിയന്തര യോഗത്തിൽ റഷ്യ കുരുക്കിട്ടതോടെ വെടിനിർത്തലിൽ അനിശ്ചിതത്വം ഏറി. അതേസമയം വിമത കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സിറിയൻ സൈന്യം ഞായറാഴ്ച തുടങ്ങിയ ആക്രമണം തുടരുകയാണ്. റഷ്യയുടെ അത്യാധുനിക പോർവിമാനങ്ങളും വ്യോമാക്രമണത്തിൽ പങ്കെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.
