അടുത്ത മത്സരത്തിനായി 100 ശതമാനം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടുതന്നെ ടീമില്‍ എന്തെങ്കിലും മാറ്റം വേണമെന്ന് ഇപ്പോള്‍ കരുതുന്നില്ല.

മോസ്കോ: സ്വീഡനെതിരായ നിര്‍ണായക പോരാട്ടത്തിനിറങ്ങുമ്പോള്‍ ടീമില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം തള്ളി ജര്‍മന്‍ നായകന്‍ മാന്യുവല്‍ ന്യൂയര്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെക്സിക്കോക്കെതിരെ ജര്‍മനി തോല്‍വി വഴങ്ങിയതില്‍ കടുത്ത വിമര്‍ശനമുയരുന്നതിനിടെയാണ് ന്യൂയറുടെ പ്രതികരണം.

അടുത്ത മത്സരത്തിനായി 100 ശതമാനം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടുതന്നെ ടീമില്‍ എന്തെങ്കിലും മാറ്റം വേണമെന്ന് ഇപ്പോള്‍ കരുതുന്നില്ല. എന്നാല്‍ ലഭ്യമായതില്‍ മികച്ച ടീമിനെ തന്നെ സ്വീഡനെതിരെ കളിപ്പിക്കുമെന്നും ന്യൂയര്‍ പറഞ്ഞു.

മെക്സിക്കോക്കെതിരായ അവസാന മത്സരത്തിനിടെ പലകാര്യങ്ങളും സംഭവിച്ചു. അതിനുശേഷം ടീം അംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം കാര്യമായി വര്‍ധിച്ചു. ഇത് ശുഭസൂചനയാണ്. കാരണം ടീമിലെ പലര്‍ക്കും പ്രകടനം മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയാനുണ്ടായിരുന്നു.

ആദ്യ മത്സരത്തിലെ തോല്‍വിയുടെ പേരില്‍ ടീമില്‍ അഴിച്ചുപണി വേണമെന്ന ആവശ്യപ്പെടുന്നതില്‍ കാര്യമില്ല. ഓരോ മത്സരത്തിലും കളിക്കാരെ മാറ്റേണ്ട കാര്യമില്ല. ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുക എന്നതാണ് പ്രധാനമെന്നും ന്യൂയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗ്രൂപ്പില്‍ സ്വീഡനും ദക്ഷിണ കൊറിയക്കും എതിരെയാണ് ജര്‍മനിയുടെ അടുത്ത മത്സരങ്ങള്‍.