ലോകകപ്പില്‍ നിന്ന് പുറത്താകുന്നത് തലയുയര്‍ത്തി

സമാര: ക്രൊയേഷ്യക്ക് മുന്നില്‍ അടിതെറ്റിയെങ്കിലും തല ഉയര്‍ത്തിത്തന്നെയാണ് റഷ്യ ലോകകപ്പില്‍ നിന്ന് പുറത്താകുന്നത്. ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോകുമെന്ന് ആരാധകര്‍ക്ക് പോലും പ്രതീക്ഷ ഇല്ലാതിടത്ത് നിന്ന് ക്വാര്‍ട്ടര്‍ വരെയെത്തി അകിന്‍ഫീവും സംഘവും വിസ്‌മയമായി. ലോക റാങ്കിംഗില്‍ 70-ാം സ്ഥാനത്തുള്ള ടീമിന്‍റെ നേട്ടമാണിതെന്നതാണ് ശ്രദ്ധേയം. 

എടുത്ത് പറയാന്‍ പ്രമുഖ താരങ്ങള്‍ ആരുമില്ല. ലോകകപ്പിനെത്തുമ്പോള്‍ റഷ്യയുടെ കടുത്ത ആരാധകര്‍ പോലും അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ ലോകത്തെ ഞെട്ടിച്ചു റഷ്യ. സൗദി അറേബ്യയെ വീഴ്ത്തിയത് എതിരില്ലാത്ത അഞ്ച് ഗോളിന്. എങ്കിലും പ്രസിഡന്‍റ് പുചിനടക്കം മിക്കവരും കരുതി ഭാഗ്യം കൊണ്ട് മാത്രമായിരുന്നു ഈ വിജയമെന്ന്. എന്നാല്‍ അടുത്ത മത്സരത്തില്‍ മുഹമ്മദ് സലായുടെ ഈജിപ്തിനെ 3-1 ന് തോല്‍പിച്ചതോടെ ഗൊളോവിനെയും ചെറിഷേവിനെയും സ്യൂബയെയുമെല്ലാം ലോകം ശ്രദ്ധിച്ചു തുടങ്ങി. ഗ്രൂപ്പിലെ അവസാന കളിയില്‍ ഉറുഗ്വെക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി. പ്രീ ക്വാര്‍ട്ടറില്‍ കാത്തിരുന്നത് സ്പെയിന്‍. റഷ്യന്‍ വലയില്‍ സ്പെയിന്‍ എത്ര ഗോളടിക്കും എന്നായിരുന്നു ഫുട്ബോള്‍ വിദഗ്ദ്ധരുടെ അടക്കം ചോദ്യം. പക്ഷെ അകിന്‍ഫീവ് വന്‍മതിലായി.

മുന്‍ ചാംപ്യന്‍മാര്‍ക്ക് മടക്ക ടിക്കറ്റ് കൊടുത്ത് ക്വാര്‍‍ട്ടറിലേക്ക്. 1986ന് ശേഷം ആതിഥേയ രാജ്യം ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിട്ടില്ല, ക്രൊയേഷ്യ ഇതുവരെ ആതിഥേയരെ തോല്‍പിച്ചിട്ടില്ല. സോച്ചിയിലിറങ്ങുമ്പോള്‍ റഷ്യക്ക് അനുകൂലമായിരുന്നു ചരിത്രം. അതിനാല്‍ ഏറെ പ്രതീക്ഷിച്ചു ആരാധകര്‍. എന്നാല്‍ മോഡിച്ചിനും സംഘത്തിനും മുന്നില്‍ ചരിത്രം വഴിമാറി. എങ്കിലും ലോക റാങ്കില്‍ ഏറെ മുന്നിലുള്ള എതിരാളികളോട് അവസാന നിമിഷം വരെ വീറോടെ പോരാടി റഷ്യന്‍ സംഘം. Cheryshevടീമിന് പിന്തുണയുമായി ഓരോ കളിയിലും ഗാലറിയിലേക്ക് ഇരമ്പിയെത്തിയ ആരാധകര്‍ക്ക് അഭിമാനിക്കാം. ഓര്‍ത്തുവെക്കാന്‍ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച്, ഭാവി ശോഭനമാണെന്ന പ്രതീക്ഷ നല്‍കി. ഫുട്ബോളില്‍ റഷ്യന്‍ വിപ്ലവത്തിന് തുടക്കമിട്ടാണ് ചെര്‍ചെസോവിന്‍റെ കുട്ടികള്‍ ലോകകപ്പിനോട് വിടപറയുന്നത്.