കുട്ടികളടക്കം എഴുപതിലേറെ മരിച്ച രാസായുധ ആക്രമണത്തെ ചൊല്ലി വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‍ലിബില്‍ രാസായുധാക്രമണം നടത്തിയത് സിറിയന്‍ സൈന്യം തന്നെയാണെന്നാണ് ബ്രിട്ടനും അമേരിക്കയുമടക്കം പ്രമുഖ പാശ്ചാത്യരാജ്യങ്ങള്‍ ആരോപിക്കുന്നു. സിറിയന്‍ സര്‍ക്കാരിന്റെ ഹീനമായ പ്രവൃത്തിയെന്ന് രാസായുധ പ്രയോഗത്തെ യു.എസ് പ്രസിഡന്റ് വിമര്‍ശിച്ചപ്പോള്‍, എല്ലാ തെളിവുകളും സിറിയന്‍ സര്‍ക്കാരിനെതിരെന്ന് ബ്രിട്ടനും പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ എന്നും പിന്തുണയ്‌ക്കുന്ന റഷ്യ ഇക്കാര്യത്തിലും സിറിയയെ സംരക്ഷിക്കാന്‍ രംഗത്തെത്തി.

സിറിയന്‍ വിമാനം ഖാന്‍ ഷെയ്കൂണില്‍ ആക്രമണം നടത്തിയെന്ന് റഷ്യ സമ്മതിക്കുന്നുണ്ട്. പക്ഷെ വിമാനത്തില്‍ നിന്ന് ബോംബ് വര്‍ഷിച്ചപ്പോള്‍ വിമതരുടെ ആയുധപുരയില്‍ പതിക്കുകയും അവിടെ നിന്ന് വിഷവാതകം അന്തരീക്ഷത്തില്‍ വ്യാപിക്കുകയുമായിരുന്നു എന്നാണ് റഷ്യയുടെ വിശദീകരണം. റഷ്യയും യു.എസും വ്യോമാക്രമണങ്ങള്‍ നടത്താറുള്ള മേഖലയില്‍ നടന്ന രാസായുധ ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളാരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതിനിടെ സിറിയയിലെ സമാധാന ശ്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രസല്‍സില്‍ നടക്കുന്ന യോഗത്തിലും രാസായുധപ്രയോഗം ചര്‍ച്ചയായി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് യോഗത്തിനെത്തിയ നേതാക്കള്‍ ആവശ്യപ്പട്ടു. ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതിയും അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.