1964 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ, അന്നത്തെ ലോകരാഷ്ട്രീയ കാലാവസ്ഥ കൊണ്ടും ശ്രദ്ധേയമായിരുന്നു
മോസ്കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറിൽ റഷ്യയും സ്പെയിനും നേര്‍ക്കുനേർവരുമ്പോൾ അത് പഴയൊരു മത്സരത്തിന്‍റെ ഓർമ്മ പുതുക്കൽ കൂടിയാണ്. രണ്ട് ആശയങ്ങൾ തമ്മിലുളളതായിരുന്നു, 54 വർഷം മുമ്പ് യൂറോ കപ്പിലെ ആ പോരാട്ടം.
1964 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ. അന്നത്തെ ലോകരാഷ്ട്രീയ കാലാവസ്ഥകൊണ്ട് ഏറ്റവും ശ്രദ്ധേയമായ മത്സരം. ഏറ്റുമുട്ടുന്നത് പട്ടാള ഏകാധിപതി ജനറൽ ഫ്രാങ്കോയുടെ സ്പെയിനും നികിത ക്രൂഷ്ചേവിന്‍റെ സോവിയറ്റ് യൂണിയനും. ഇരു രാഷ്ട്രനേതാക്കളും തമ്മിലുള്ള ആശയ അന്തരം കാൽപ്പന്തിലേക്കും വ്യാപിച്ച കാലം.
ഫാസിസവും കമ്യൂണിസവും തമ്മിലുള്ള മത്സരമെന്നാണ് അന്ന് ഈ മത്സരത്തെ ലോകം വിളിച്ചത്. പത്തൊൻപതാം നൂണ്ടാറ്റിലെ ഏറ്റവും രാഷ്ട്രീയവത്കരിക്കപ്പെട്ട ഫുട്ബോൾ മത്സരമായിരുന്നു അത്. ശീതയുദ്ധ കാലത്തെ ഇരയാക്കപ്പെട്ട കായിക മത്സരമെന്നാണ് അന്ന് പാശ്ചാത്യ മാധ്യമങ്ങൾ മാഡ്രിഡിൽ നടന്ന ഈ ഫൈനൽ മത്സരത്തെ വിശേഷിപ്പിച്ചത്.
അതിൽ നിന്ന് തന്നെ വ്യക്തമാണ് എതിര്‍ദിശകളിൽ സഞ്ചരിച്ചിരുന്ന ഈ രണ്ട് ആശയങ്ങളും നേതാക്കളും ലോകക്രമത്തെ എങ്ങനെ സ്വാധീനിച്ചിരുന്നുവെന്ന്. രണ്ടാം ലോക മഹായുദ്ധകാലത്തെ സഖ്യങ്ങളും ആക്രമണങ്ങളും പിന്നാലെയെത്തിയ ശീതയുദ്ധകാലത്തെ ആശയ, വ്യാപാര സംഘടനവുമെല്ലാം ഈ മത്സരത്തിന് എത്ര മറച്ചാലും മറയ്ക്കാൻ പറ്റാത്തത്ര രാഷ്ട്രീയമാനം കൊടുത്തു.
ഇരുവര്‍ക്കും ജയം മാത്രമായിരുന്നു ലക്ഷ്യം.പക്ഷേ കളിക്കളത്തിലെ ആധിപത്യം സ്പെയിൻ പിടിച്ചെടുത്തു. ആറാം മിനിട്ടിൽ സ്പെയിൻ റഷ്യൻ വല നിറച്ചെങ്കിലും എട്ടാം മിനിട്ടിൽ റഷ്യ തിരിച്ചടിച്ചു. പക്ഷെ എൺപത്തിനാലാം മിനിട്ടിൽ സ്പെയിൻ പിന്നെയും റഷ്യൻ വലയിൽ പന്തെത്തിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സോവിയറ്റ് റഷ്യ സ്പെയിനോട് പരാജയപ്പെട്ടു.
കാൽപ്പന്തുകളിയിൽ കമ്യൂണിസം ഫാസിസത്തോട് തോറ്റു. സ്പെയിൻ ഏകാധിപത്യത്തിൽ നിന്നും ഫാസിസ്റ്റ് ഭരണക്രമത്തിൽ നിന്നും രാജഭരണത്തിൽ കീഴിലുള്ള ജനാധിപത്യത്തിലേക്ക് മാറി. സോവിയറ്റ് റഷ്യ പലരാജ്യങ്ങളായി ചിതറിപ്പോയി. പക്ഷേ ഇത്തവണ പ്രീക്വാര്‍ട്ടര്‍പോരാട്ടത്തിന് ഇരു ടീമുകളും മുഖാമുഖം വരുമ്പോൾ ആ പഴയ മത്സരം തന്നെയാണ് ഫുട്ബോൾ ആരാധകരുടെ മനസിലേക്ക് വരുന്നത്.
