സ്‍പൂണുകൾ കൊണ്ട് ഗാലറിയിൽ ശബ്‍ദ വിസ്‍മയം തീര്‍ക്കാൻ റഷ്യക്കാര്‍

ലോകകപ്പിനെ വ്യത്യസ്‍തമായ രീതിയിൽ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യക്കാർ. സ്‍പൂണുകൾ കൊണ്ട് ഗാലറിയിൽ ശബ്‍ദ വിസ്‍മയം തീർക്കുകയാണ് ഇവരുടെ ലക്ഷ്യം.

രണ്ടായിരത്തിപത്തിലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെ മറക്കാനാവാത്ത അനുഭവമാണ് ഗാലറിയിൽ മുഴുങ്ങിയ വുവുസേല ശബ്‍ദം. കാതടപ്പിക്കുന്ന വുവുസേലയുടെ ആരവങ്ങൾ ഇപ്പോഴും ഫുട്ബോൾ പ്രേമികളുടെ കാതുകളിൽ മുഴങ്ങുന്നു. വുവുസേലയ്‍ക്ക് റഷ്യയുടെ മറുപടിയാണ് സ്‍പൂണുകൾ. റഷ്യയിലെ പരമ്പരാഗത സംഗീത ഉപകരണമാണ് ലോഘാസ് എന്നിയപ്പെടുന്ന സ്‍പൂണുകൾ. ലോകകപ്പിനായി തടിയിലും പ്ലാസ്റ്റിക്കിലും നിർമ്മിച്ച സ്‍പൂണുകൾ സ്റ്റേഡിയങ്ങളിൽ ലഭ്യമാവും. വുവുസേലയപ്പോലെ കാതടപ്പിക്കുന്ന ശബ്‍ദം ഉണ്ടാവില്ലെങ്കിലും പന്ത്രണ്ട് സ്റ്റേഡിയങ്ങളും ശബ്‍ദമുഖരിതമാവുമെന്ന് റഷ്യക്കാ‍ർ ഉറപ്പ് നൽകുന്നു.