വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചന്വേഷിക്കുന്ന എഫ്ബിഐക്കെതിരെ ആഞ്ഞടിച്ച് ഡോണള്‍ഡ് ട്രംപ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ വിശ്വാസ്യത തകര്‍ന്നെന്നും പഴംതുണിക്ക് സമാനമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. മൈക്കേല്‍ ഫ്‌ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്ബിഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമേയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.
എഫ്ബിഐ മുന്‍ ഡയറക്ടറും സ്‌പെഷ്യന്‍ പ്രോസിക്യൂട്ടറുമായ റോബര്‍ട്ട് മുള്ളര്‍ക്ക് മുന്നില്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേല്‍ ഫ്‌ലിന്‍ നടത്തിയ കുറ്റസമ്മതത്തിന് പിന്നാലെയാണ് ട്രംപ് ഫെഡറല്‍ അന്വേഷണ ഏജന്‍സിക്കെതിരെ ആഞ്ഞടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹില്ലരി ക്ലിന്റണ് വേണ്ടി എഫ്ബിഐ നടത്തുന്ന നീക്കം ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.
വെറും പഴംതുണിയുടെ വില മാത്രമാണ് എഫ്ബിഐക്കുള്ളതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹില്ലരി ക്ലിന്റണേയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. നേരത്തെ ട്രംപിനെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി സന്ദേശം അയച്ചുവെന്നാരോപിച്ച് ഒരു ഉദ്യോഗസ്ഥനെ എഫ്ബിഐ പുറത്താക്കിയത് ചൂണ്ടിക്കാണിച്ചാണ് ഹില്ലരിക്ക് നേരെയുള്ള ട്രംപിന്റെ ആക്രമണം. ഹില്ലരിക്ക് അന്വേഷണത്തിലുള്ള താത്പര്യം വ്യക്തമാക്കുന്നതാണ് ഇതെന്ന് ട്രംപ് വ്യക്തമാക്കി.
തനിക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച എബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ ബ്രയന്‍ റോസിനെതിരേയും ട്രംപ് ട്വീറ്റ് ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കേയാണ് താന്‍ ഫ്‌ലിന്നിനോട് റഷ്യന്‍ അംബാസഡറെ കാണാനാവശ്യപ്പെട്ടതെന്ന റിപ്പോര്‍ട്ട് അസത്യവും വാസ്തവ വിരുദ്ധവുമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ട്രംപ് ഫ്‌ലിന്നിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് പിന്നീട് റോസ് തിരുത്തിയിരുന്നു. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ബ്രയന്‍ റോസിനെ എബിസി ന്യൂസ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ട്രംപ് റിപ്പോര്‍ട്ടറെ രൂക്ഷമായി വിമര്‍ശിച്ചത്.
