വീകേന്ദ്രീകൃത ആസൂത്രണം സംസ്ഥാനത്ത് കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പുതുതായി ചുമതലയേറ്റ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. ജില്ലാ ഭരണകൂടവും പൊലീസുമെല്ലാം ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്നും വിജയാനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വീകേന്ദ്രീകൃത ആസൂത്രണത്തിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനാണ് എസ് എം വിജയാനന്ദ്. 15 വര്‍ഷം ജനകീയാസ്‌ത്രൂണ പ്രസ്ഥാനങ്ങളുടെ ചുമതല വഹിച്ച ഉദ്യോഗസ്ഥന് സംസ്ഥാനത്തെ ഉന്നതപദവിലെത്തിയപ്പോഴും വാചാലനായത് തന്റെ സ്വപ്ന പദ്ധതിയെ കുറിച്ചാണ്.

അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിവേണം. അഴിമതി തടാനുള്ള നടപടികള്‍ ശക്തമാക്കുകയാണ് വേണ്ടത് - എസ് എം വിജയാനന്ദ് പറഞ്ഞു.

ജില്ലാ ഭരണകൂടവും പൊലീസും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുര്‍ന്നുള്ള ഉദ്യോഗസ്ഥ പോരിനെ കുറിച്ചുള്ള ചോദിച്ചപ്പോള്‍ വിജയാനന്ദ് പ്രതികരിച്ചു. കൊല്ലം കളക്ടറായിരുന്നപ്പോള്‍ 34 പേരുടെ മരണത്തിനിടയാക്കി മലനട ദുരന്തത്തിനശേഷം അന്നത്തെ എസ്‌പിയായിരുന്ന സെന്‍കുമാറുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മപ്പെടുത്തിയായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചാണ് വിജയാനന്ദ് സംസ്ഥാന സര്‍വ്വീസിലേക്ക് തിരിച്ചെത്തിയത്. 2017 മാര്‍ച്ചുവരെയാണ് വിജയാനന്ദിനു കാലാവധിയുള്ളത്.