മുടങ്ങിക്കിടന്ന ശബരിറെയില്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. സ്ഥലമെടുപ്പ് പുനരാരംഭിക്കാനും അടഞ്ഞുകിടക്കുന്ന ഓഫീസുകള്‍ തുറക്കാനും ധാരണയായി. ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനങ്ങളുണ്ടായത്.

നിര്‍ദ്ദിഷ്ട ശബരി പാതയുടെ പ്രഖ്യാപനം നടന്നിട്ട് വര്‍ഷം ഇരുപത് കഴിഞ്ഞു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പദ്ധതി തുകയുടെ വീതം വയ്പ്പില്‍ ഉടക്കിനിന്നതോടെ അങ്കമാലി മുതല്‍ എരുമേലി വരെ ഇട്ടുവച്ച സര്‍വേ കല്ലുകള്‍ക്കുറം കാര്യമായ പുരോഗതിയുണ്ടായില്ല. പാളം സ്ഥാപിക്കുന്ന ജോലി പോലും മുന്നോട്ട് നീങ്ങിയില്ലെങ്കിലും കാലടിയില്‍ ഒരു സ്‌റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കാനായി പൊന്നും വില ഓഫീസുകള്‍ തുടങ്ങിയെങ്കിലും അതും പൂട്ടി. ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗത്തിലാണ് കാലടി വരെ നിര്‍മാണം അടുത്ത ജനുവരിയില്‍ തീര്‍ക്കാന്‍ സമ്മദ്ദം ചെലുത്താന്‍ തീരുമാനിച്ചത്.

127 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്കായി കുന്നത്ത്‌നാട്, മുവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി 490 സര്‍വെ നമ്പറുകളില്‍പ്പെട്ട 132 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.സ്ഥലമേറ്റടുപ്പ് വേഗത്തിലാക്കാന്‍ പെന്നും വില ഓഫീസുകള്‍ പുനസ്ഥാപിക്കും. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി റെയില്‍വേ 40 കോടി രൂപ അനുവദിച്ചിരുന്നു. സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിക്കും.